പൂനെയിൽ കൊറോണ സ്ഥിരീകരിച്ച ഡോക്ടര്‍ പരിശോധിച്ച 69 ഗര്‍ഭിണികൾ ക്വാറന്റൈനിൽ

പൂനെ: പൂനെയിൽ കൊറോണ സ്ഥിരീകരിച്ച ഡോക്ടര്‍ പരിശോധിച്ച 69 ഗര്‍ഭിണികളെ ക്വാറന്റൈനിലാക്കി. കൊറോണ സ്ഥിരീകരിച്ച റേഡിയോളജിസ്റ്റ് ആയ ഡോക്ടര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് അധികൃതര്‍ അറിയിച്ചു. 69 പേരും ഗര്‍ഭിണികള്‍ ആയതിനാല്‍ കടുത്ത നിയന്ത്രണങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും വീട്ടില്‍ പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നതെന്നും പൂനെ ജില്ലാ പഞ്ചായത്ത് സിഇഒ ആയുഷ് പ്രസാദ് പറഞ്ഞു.
കൊറോണ സ്ഥിരീകരിച്ച മുപ്പതുകാരനായ ഡോക്ടറുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹത്തിന്റെ സഹോദരനെയും ഭാര്യയും നിരീക്ഷണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കടുത്ത ക്ഷീണം അനുഭവപ്പെട്ടതോടെയാണ് ഏപ്രില്‍ എട്ടിന് ഡോക്ടര്‍ പൂനെയിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ പരിശോധനയ്ക്ക് എത്തിയത്. മുന്‍കരുതല്‍ എന്ന നിലയില്‍ സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. ഫലം പൊസിറ്റീവായതോടെ ഡോക്ടറെ തിങ്കളാഴ്ചയാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിന് ശേഷം ഈ ഡോക്ടര്‍ പരിശോധിച്ചവരെ കണ്ടെത്തിയെന്നും 69 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളതെന്നും അധികൃതര്‍ പറഞ്ഞു.