ഭക്ഷ്യവസ്തുക്കളും മരുന്നുകളും ആവശ്യത്തിനുണ്ട്; ലോക്ക്ഡൗണ്‍ നീട്ടിയതില്‍ ആശങ്ക വേണ്ട: അമിത് ഷാ

ന്യൂഡെല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ 19 ദിവസത്തേക്ക് കൂടി നീട്ടിയതില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭക്ഷ്യവസ്തുക്കളും മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും രാജ്യത്ത് ആവശ്യത്തിനുണ്ടെന്ന് അമിത് ഷാ വ്യക്തമാക്കി. വൈറസ് വ്യാപനം തടയുന്നതിന് എല്ലാ സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു. കൊറോണ വ്യാപിക്കുന്നത് തടയാനും ഇന്ത്യയെയും ഇന്ത്യക്കാരെയും അപകടത്തില്‍നിന്ന് രക്ഷിക്കാനുമാണ് പ്രധാനമന്ത്രി ലോക്ക് ഡൗണ്‍ മേയ് മൂന്നു വരെ ദീര്‍ഘിപ്പിച്ചത്. അക്കാര്യത്തില്‍ അദ്ദേഹത്തോടുള്ള നന്ദി അറിയിക്കുകയാണ്. അമിത് ഷാ പറഞ്ഞു.

എല്ലാ സംസ്ഥാനങ്ങളും അഭിനന്ദനീയമായ വിധത്തില്‍ കേന്ദ്രസര്‍ക്കാരിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സഹകരണം ഇനിയും വര്‍ധിപ്പിക്കേണ്ടതുണ്ട്. എല്ലാ ജനങ്ങളും ലോക്ക്ഡൗണ്‍ ശരിയായ രീതിയില്‍ പാലിക്കുന്നുണ്ടെന്നും ഒരാള്‍ക്ക് പോലും അവശ്യവസ്തുക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നില്ലെന്നും ഉറപ്പുവരുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യവസ്തുക്കള്‍, മരുന്ന് എന്നിവയടക്കമുള്ള അവശ്യവസ്തുക്കള്‍ രാജ്യത്ത് ആവശ്യത്തിന് കരുതലുണ്ടെന്ന് ആഭ്യന്തര മന്ത്രി എന്ന നിലയില്‍ എല്ലാവര്‍ക്കും ഉറപ്പുനല്‍കുകയാണ്. ഇക്കാര്യത്തില്‍ ആരും ആശങ്കപ്പെടേണ്ടതില്ല. സമ്പന്നരായ ജനങ്ങള്‍ സഹായം ആവശ്യമുള്ള പാവപ്പെട്ടവരെ സഹായിക്കാന്‍ മുന്നോട്ടുവരണമെന്നും അഭ്യര്‍ത്ഥിക്കുകയാണ്- അമിത് ഷാ ട്വീറ്റില്‍ പറഞ്ഞു.