സർക്കാർ മെനക്കെടേണ്ട; ഓൺലൈനിൽ മദ്യമെത്തിക്കാം; അനുമതി തേടി കമ്പനികൾ

ന്യൂഡെൽഹി :മദ്യം ഓൺലൈൻ വഴി എത്തിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിവേദനം നല്‍കി മദ്യ കമ്പനികള്‍. ഹോം ഡെലിവറി അനുവദിച്ചാൽ ഈ കാലത്ത് സാമൂഹിക അകലം പാലിക്കാനും റീട്ടെയില്‍ മദ്യശാലകളില്‍ തിരക്ക് ഒഴിവാക്കാനും അത് സഹായകമാകുമെന്നാണ് മദ്യ കമ്പനികൾ പറയുന്നത്. ഇന്‍റര്‍ണാഷണല്‍ സ്പിരിറ്റ്സ് ആൻഡ് വൈന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, കോണ്‍ഫെഡറേഷന്‍ ഓഫ് ആല്‍ക്കഹോളിക് ബിവറേജ് കമ്പനീസ് തുടങ്ങിയ സംഘടനകളാണ് സർക്കാരുകളുടെ അനുവാദം തേടി രംഗത്തെത്തിയത്. ഡിയാജിയോ, പെര്‍ണോള്‍ഡ് റിച്ചാര്‍ഡ്, അലൈഡ് ബ്ലെന്‍റേഴ്സ് ആൻഡ് ഡിസ്റ്റലറീസ്, ബ്രൌണ്‍ ഫോര്‍മാന്‍, ബക്കാര്‍ഡി തുടങ്ങിയ കമ്പനികള്‍ ഇതില്‍ അംഗങ്ങളാണ്.

മതിയായ പരിശോധനയ്ക്ക് ശേഷം തിരിച്ചറിയല്‍ രേഖ സമര്‍പ്പിച്ചാൽ മദ്യം ഓണ്‍ലൈനായോ ഫോണ്‍കോള്‍ വഴിയോ വീട്ടിലെത്തിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാം. ഈ ഓണ്‍ലൈന്‍ വില്‍പനയിലൂടെ സര്‍ക്കാരുകള്‍ക്ക് കൊറോണ കാലത്തെ സേവന പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ലാഭവും ലഭിക്കുമെന്ന് നിവേദനത്തിൽ സംഘടനകള്‍ വാഗ്ദാനം ചെയ്യുന്നു.

ലോക്ക്ഡൗൺ കാരണം സ്വകാര്യ, സര്‍ക്കാര്‍ മദ്യശാലകളെല്ലാം അടച്ചു പൂട്ടിയിരുന്നു. മദ്യം ലഭിക്കാത്തതിനെ തുടർന്ന് നിരവധി പേർ ആത്മഹത്യ ചെയ്തിരുന്നു. വ്യാജ വാറ്റും സംസ്ഥാനത്ത് സജീവമായി.

ഈ സാഹചര്യത്തിൽ ഓൺലൈൻ മദ്യ വിതരണത്തിന് തങ്ങൾ തയ്യാറാണെന്നാണ് കമ്പനികൾ അവകാശപ്പെടുന്നത്.