കുട്ടികൾക്കും സ്ത്രീകൾക്കുമെതിരേ അതിക്രമം കൂടുന്നു; വനിതാ കമ്മീഷനും അഭിഭാഷകരും രംഗത്ത്

ഡൽഹി : ലോക്ക്ഡൗണ്‍ കാലത്ത് കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി ചൂണ്ടിക്കാട്ടി അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിന് കത്തയച്ചു. അഭിഭാഷകരായ സുമീര്‍ സോധിയും ആര്‍സൂ അനേജയും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെക്ക് കത്തയച്ചത്.
കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാന്‍ സുപ്രീംകോടതി മാര്‍ഗ്ഗനിര്‍ദ്ദേശം നൽകണമെന്നും അഭിഭാഷകര്‍ കത്തില്‍ പറയുന്നു.

അതേസമയം ലോക്ക്ഡൗൺ ആരംഭിച്ചപ്പോൾ മുതൽ വീടുകള്‍ക്കുള്ളില്‍ സ്ത്രീകള്‍ക്കെതിരായ അക്രമം കൂടുന്നുവെന്ന് ദേശീയ വനിതാ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കുട്ടികളും തങ്ങളുടെ വീടുകളിൽ സുരക്ഷിതരല്ലായെന്ന റിപ്പോർട്ട്‌ പുറത്തു വന്നത്.
ഇതിനോടകം തന്നെ 11 ശതമാനം ലൈംഗീക അതിക്രമ പരാതികൾ ആണ് വന്നത്. ബാലവേലയുമായി ബന്ധപ്പെട്ട് എട്ടു ശതമാനം പരാതികളെത്തി.

കുടുംബാഗങ്ങള്‍, ബന്ധുക്കള്‍ എന്നിവര്‍ക്കെതിരെയാണ് പരാതികളുയരുന്നത്. കുട്ടികളെ പീഡിപ്പിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയില്ലെന്നും അഭിഭാഷകര്‍ ആരോപിക്കുന്നു. ശിശുക്ഷേമ രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ സേവനം പ്രയോജനപ്പെടുത്തി അക്രമം തടയാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെടുന്നു.