ജോലിയിൽ പ്രവേശിച്ചില്ല; കണ്ണൻ ഗോപിനാഥനെതിരെ ഗുജറാത്ത് പൊലീസ് കേസെടുത്തു

അഹമ്മദാബാദ്: ജോലിയിൽ തിരികെ പ്രവേശിക്കാത്തതിന് മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനെതിരെ കേസ്. സർക്കാർ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തെന്നാണു ഗുജറാത്ത് പൊലീസിന്റെ എഫ്ഐആറിലുള്ളത്. എന്നാൽ നടപടികൊണ്ടു തന്നെ നിശബ്ദനാക്കാമെന്നു കരുതേണ്ടെന്ന് കണ്ണൻ ഗോപിനാഥൻ ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ ദിവസം, കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ സർവീസ് തിരിച്ച് പ്രവേശിക്കണം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണ്ണൻ ഗോപിനാഥനോട് നിർദേശിച്ചിരുന്നു. നിർദേശം തള്ളിയ കണ്ണൻ സർക്കാരിന് വേണ്ടി സന്നദ്ധ പ്രവർത്തനം ചെയ്യാൻ തയ്യാർ ആണെന്നും സിവിൽ സർവീസിലേക്ക് തിരിച്ച് ഇല്ലെന്നും വ്യക്തമാക്കിയിരുന്നു.

രാജി വച്ച് എട്ട് മാസത്തിന് ശേഷവും ഉപദ്രവിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നായിരുന്നു കണ്ണൻ ഗോപിനാഥന്റെ പ്രതികരണം. ജമ്മു കശ്മീർ വിഭജനത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ഓഗസ്റ്റിൽ ആണ് ദാദ്ര നഗർ ഹവേലി ഊർജ സെക്രട്ടറി ആയിരുന്ന കണ്ണൻ ഗോപിനാഥൻ സിവിൽ സർവീസിൽ നിന്ന് രാജിവച്ചത്.