ന്യൂഡെൽഹി: രാജ്യത്ത് രണ്ടാഴ്ചത്തേക്ക് കൂടി ലോക് ഡൗൺ നീട്ടുമ്പോൾ മൂന്ന് സോണുകളായി തിരിച്ച് ലോക് ഡൗൺ നടപ്പാക്കാൻ ആലോചിക്കുന്നു. റെഡ് സോൺ, ഗ്രീൻ സോൺ, യെല്ലോ/ഓറഞ്ച് സോൺ എന്നിങ്ങനെ മൂന്ന് സോണുകളായി തിരിച്ചാവും ലോക്ക് ഡൗൺ നടപ്പിലാക്കുക.
റെഡ് സോണായി പ്രഖ്യാപിക്കപ്പെടുന്ന മേഖലകൾ അതീവ ജാഗ്രത നിർദേശവും നിയന്ത്രങ്ങളും ശക്തമായി തന്നെ തുടരും. ഈ മേഖലകൾ പൂർണമായി സീൽ ചെയ്യും. ഒരു കാരണവശാലും ഈ മേഖലയിൽ ഉള്ള ആളുകൾ പുറത്തിറങ്ങാൻ അനുവാദം ഉണ്ടായിരിക്കുകയില്ല. ആവശ്യമുള്ള സാധനങ്ങൾ ബന്ധപ്പെട്ട അധികാരികളോ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലോ വീടുകളിൽ എത്തിക്കും. റെഡ് സോണിലുള്ള ഓരോ വീട്ടിലെയും എല്ലാം അംഗങ്ങളെയും പരിശോധിക്കും. പരിശോധനനകൾ 14 ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കി രോഗബാധ സ്ഥിരീകരിക്കുന്നവരെ ചികിത്സക്കായി മാറ്റും.
ഗ്രീൻ സോണിൽ ലോക്ക് ഡൗണാണ് ഉണ്ടാവുക. ലോക്ക് ഡൗൺ ഇവിടങ്ങളിൽ കർശനമായി നടപ്പിലാക്കും. കേരളത്തിലെ മിക്ക പ്രദേശങ്ങളും ഗ്രീൻ സോണിൽ ഉൾപ്പെടാനാണ് സാധ്യത. ഒരു കൊറോണ രോഗി പോലും ഇല്ലാത്ത സ്ഥലമാണ് ഓറഞ്ച്/യെല്ലോ സോൺ. രോഗവ്യാപനത്തിനുള്ള ഒരു സാധ്യതയും ഇല്ലെന്ന് ഉറപ്പുള്ള മേഖലകളാണ് ഓറഞ്ച്/യെല്ലോ സോൺ ആയി പ്രഖ്യാപിക്കപ്പെടുക. ഈ മേഖലകളിൽ ചെറിയ ഇളവുകൾ നൽകും.ഹരിയാനയിൽ നടപ്പിലാക്കിയ രീതിയാണിത്. ഈ രീതി പിന്തുടരാനാണ് തീരുമാനം. ഈ മാസം 30 വരെയാണ് ലോക് ഡൗൺ നീട്ടുക. സംസ്ഥാനത്ത എല്ലാ മുഖ്യമന്ത്രി മാരും തമ്മിൽ പ്രധാനമന്ത്രി വീഡിയോ കോൺഫറൻസ് ചെയ്ത് ശേഷമാണ് ലോക് ഡൗൺ നീട്ടുന്ന കാര്യത്തിൽ തീരുമാനം ആയത്. പല സംസ്ഥാനങ്ങളും ലോക് ഡൗൺ നീട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപെട്ടിരുന്നു