അമ്മ സ്കൂട്ടറിൽ പറന്നു മകനായി; 1400 കിലോമീറ്റർ; തെലുങ്കാനയിൽ നിന്ന് നെല്ലൂരിലേക്കും തിരിച്ചും

ഹൈദരാബാദ്: ഇത് റസിയാബീഗം, അഭിനവ ഛാൻസിറാണി.
ആന്ധ്രയിലെ നെല്ലൂരിൽ തനിച്ചായ മകനെ തെലുങ്കാനയിലെ വീട്ടിലെത്തിക്കാൻ 1400 കിലോമീറ്റർ സ്കൂട്ടറോടിച്ച അമ്മ !.
നിസാമാബാദിലെ സർക്കാർ സ്കൂളിലെ പ്രധാന അധ്യാപികയായ 48-കാരി റസിയബീഗമാണ് മകനെ സ്കൂട്ടറിൽ വീട്ടിലെത്തിച്ചത്.
റസിയയുടെ രണ്ടാമത്തെ മകൻ 19 കാരൻ നിസാമുദ്ദീൻ എംബിബിഎസ് പ്രവേശന പരിശീലനം നടത്തുകയാണ്. മാർച്ച് 12 ന് നിസാമുദ്ദീൻ കൂട്ടുകാരന്റെ നെല്ലൂർ സോളയിലെ വീട്ടിലേക്കു പോയതാണ്. ലോക്ക് ഡൗൺപ്രഖ്യാപിച്ചതോടെ മകൻ നെല്ലൂരിലായി. 15 വർഷം മുമ്പെ ഭർത്താവിനെ നഷ്ടപ്പെട്ട അമ്മയ്ക്ക് ആധിയായി. പിന്നെ ഒന്നും ചിന്തിച്ചില്ല.
മൂത്ത മകനെ വീട്ടിൽ തനിച്ചാക്കി റസിയ സ്കൂട്ടറെടുത്തു.
‘മകനെ തിരികെ കൊണ്ടുവരാനുള്ള തീരുമാനത്തിൽ എല്ലാ ഭയങ്ങളെയും ഞാൻ മറന്നു.
ഒരു സ്ത്രീക്ക് ഇതുപോലൊരു ഇരുചക്രവാഹനത്തിൽ ഇത്ര ദൂരം പ്രയാസകരമായ യാത്രയായിരുന്നു.’ റസിയയുടെ അനുഭവം വാർത്താ ഏജൻസികൾ പങ്കുവച്ചു.
പോലീസിൽ നിന്ന് അനുമതി വാങ്ങിയായിരുന്നു റസിയയുടെ യാത്ര. എങ്കിലും സുരക്ഷയ്ക്ക് ഒപ്പം ആരുമുണ്ടായില്ല.
ഭക്ഷണത്തിനായി റൊട്ടി പായ്ക്ക് ചെയ്തിരുന്നു. റോഡിൽ ആളില്ലാത്തിടത്തിൽ രാത്രിയാത്ര ഭീതിപ്പെടുത്തിയെന്ന് റസിയ പറയുന്നു.
മൂന്നു ദിവസം പിന്നിട്ട യാത്ര തീർന്നപ്പോൾ അമ്മയ്ക്കും മക്കൾക്കും എന്തെന്നില്ലാത്ത ആശ്വാസം. തിരിഞ്ഞു നോക്കുമ്പോൾ അമ്പരപ്പും.