ഹരിയാനയിൽ ആരോഗ്യ പ്രവർത്തകർക്ക് ഇരട്ടി ശമ്പളം പ്രഖ്യാപിച്ച് സർക്കാർ

ഛഢിഗഡ്: ശമ്പളം ഇരട്ടിപ്പിച്ച് നൽകി ആരോഗ്യപ്രവർത്തകരോടുള്ള ആദരവ് കാണിച്ച് ഹരിയാന സർക്കാർ. ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ഐസൊലേഷന്‍ വാര്‍ഡില്‍ സേവനം ചെയ്യുന്നവര്‍ എന്നിവര്‍ക്കെല്ലാമാണ് സർക്കാർ ശമ്പളം ഇരട്ടിപ്പിച്ചത്.
കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടേയും ശമ്പളം ഇരട്ടിയാക്കിയാണ് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാര്‍ ആരോഗ്യപ്രവര്‍ത്തകരോടുള്ള ആദരവ് പ്രകടിപ്പിച്ചത്.

കൊറോണയെ ചെറുത്തു രാജ്യത്തെ സംരക്ഷിക്കാൻ ആരോഗ്യ പ്രവർത്തകർ ചെയ്യുന്ന പ്രവർത്തങ്ങളും അധ്വാനവും വളരെ വലുതാണെന്നും കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കൊപ്പം രാജ്യത്തെ മുന്നില്‍ നിന്ന് നയിക്കുന്നവരാണ് ആരോഗ്യ പ്രവര്‍ത്തകരെന്നും മനോഹർ ലാൽ ഖട്ടാര്‍ പറഞ്ഞു.

കേന്ദ്രം പ്രഖ്യാപിച്ച പുതിയ ഇന്‍ഷൂറന്‍സ് പരിധിക്കുള്ളില്‍ വരാത്ത ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കുകൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്ക് 50 ലക്ഷം രൂപ വരെയുള്ള ഇന്‍ഷൂറന്‍സ് ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് ഖട്ടാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദൈവത്തിന് തൊട്ടടുത്തുള്ള സ്ഥാനം ആണ് ഡോക്ടര്‍മാര്‍ക്ക് എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, മനുഷ്യരാശിയെ രക്ഷിക്കാനുള്ള ഈ യുദ്ധത്തിൽ അവര്‍ ജീവൻ പണയപ്പെടുത്തി പോരാടുകയാണെന്നും കൂട്ടിച്ചേര്‍ത്തു.