കുടുംബത്തിൽ 23 പേർക്ക് കൊറോണ ; ഒമാനിൽ നിന്നെത്തി നാട്ടിലും പരത്തി

പാറ്റ്ന: ബിഹാറില്‍ റിപ്പോര്‍ട്ട് ചെയ്ത 60 കൊറോണ പോസിറ്റീവ് കേസുകളില്‍ മൂന്നിലൊന്ന് കേസുകളും ഒരു കുടുംബത്തില്‍ നിന്ന്. 23 പേരില്‍ 4 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. എന്നാല്‍ ഇവര്‍ രണ്ടാഴ്ച കൂടി ക്വാറന്റൈനില്‍ തുടരേണ്ടി വരും. മറ്റു പത്തു പേരുടെ പരിശോധനാഫലം കൂടി ലഭിക്കാനുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞമാസം ഒമാനില്‍ നിന്ന് മടങ്ങിയെത്തിയ വ്യക്തിയില്‍ നിന്നാണ് കുടംബാംഗങ്ങള്‍ക്ക് രോഗബാധ ഉണ്ടായത്. മാര്‍ച്ച്‌ പതിനാറിനാണ് സിവാനിലെ പഞ്ച്‌വര്‍ ഗ്രാമത്തിലേക്ക് ഇയാള്‍ മടങ്ങിയെത്തുന്നത്. ഏപ്രില്‍ നാലിന്‌ ഇയാള്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ ഇതിനകം ഇയാള്‍ ജില്ലയിലെ വിവിധയിടങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം കുടുംബത്തിലെ 22 പേര്‍ക്ക് ഇയാളില്‍നിന്ന് രോഗം പകര്‍ന്നു. തലസ്ഥാനമായ പട്‌നയില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സിവാന്‍ ജില്ലയിലെ ഒരു കുടുംബത്തിലെ 23 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചരിക്കുന്നത്. സംസ്ഥാനത്തെ പ്രധാന ഹോട്ട്‌സ്‌പോട്ടായ സിവാനില്‍ കര്‍ശന നിയന്ത്രണങ്ങളാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പഞ്ച്‌വര്‍ ഉള്‍പ്പടെ 43 ഗ്രാമങ്ങള്‍ സീല്‍ ചെയ്തിട്ടുണ്ട്. ഇതേ ഗ്രാമത്തിലെ മറ്റുരണ്ടുപേര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. സിവാന്‍ ജില്ലയില്‍ മാത്രം 31 കൊറോണ പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതായത് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളില്‍ പകുതിയും സിവാന്‍ ജില്ലയില്‍ നിന്നുള്ളതാണ്. സിവാന്‍ ജില്ലയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുടുംബാംഗങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.