സമൂഹവ്യാപന സാധ്യത ഏറെ; ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ കരുതലോടെ നീങ്ങുക; ഐസിഎംആറിന്റെ മുന്നറിയിപ്പ്

ന്യൂഡെൽഹി :രാജ്യത്ത് കൊറോണ മൂന്നാം ഘട്ടത്തിലേക്ക് കടന്നതോടെ സമൂഹവ്യാപനത്തിനു സാദ്ധ്യതകൾ ഏറെയെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ ) മുന്നറിയിപ്പ്. ഇനിയുള്ള നാളുകളും രാജ്യം കരുതലോടെ വേണം മുന്നോട്ട് നീങ്ങേണ്ടത്. മരണ നിരക്ക് കുറവാണെങ്കിലും വരും ദിവസങ്ങളിൽ രോഗികകളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടാകാനിടയുണ്ടെന്നും ഐസിഎംആർ പറയുന്നു. കണക്കുകൾ കുതിച്ചുയരാനും സാധ്യതയുണ്ട്. രണ്ടാം ഘട്ടത്തിൽ തന്നെ സമൂഹവ്യാപനത്തിന്റെ സൂചനകൾ ലഭിച്ചതിനെ തുടർന്ന് തീവ്രമായ ലക്ഷണങ്ങൾ കാണിക്കുന്നയാളുകളെ കൊറോണ ടെസ്റ്റിന് വിധേയമാക്കിയാണ് ഐസിഎംആർ പഠനം നടത്തിയത്.

മാർച്ച് 14ന് മുമ്പ് ഇത്തരത്തിൽ ടെസ്റ്റിന് വിധേയമാക്കിയ ആരിലും കൊറോണ പോസിറ്റീവ് സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ മാർച്ച് 15നും 21നും ഇടയിൽ 106 പേരിൽ നടത്തിയ പഠനത്തിൽ 2 പേർക്കേ കൊറോണ സ്ഥിരീകരിച്ചള്ളു. അതിനു ശേഷം നടത്തിയ ടെസ്റ്റുകളിൽ പോസിറ്റീവ് കേസുകളിൽ വലിയ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നതെന്ന് ഐസിഎംആർ പറയുന്നു.
മാർച്ച് 22നും മാർച്ച് 28നും ഇടയിൽ 2877 പേരിൽ നടത്തിയ പഠനത്തിൽ 48 പേരിൽ രോഗം സ്ഥിരീകരിച്ചു. മാർച്ച് 29നും ഏപ്രിൽ 2നും 2069 തീവ്രമായ രോഗലക്ഷണങ്ങളുള്ളവരിൽ നടത്തിയ ടെസ്റ്റുകളിൽ 54 എണ്ണം പോസിറ്റീവ് ആയിരുന്നു. തീവ്രരോഗലക്ഷണങ്ങളുള്ള
5911 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ അതിൽ 104 (1.8%) പേർക്ക് കൊറോണ സ്ഥിരീകരിച്ചു.
പലർക്കും സമ്പർക്കം മൂലമാണ് രോഗം പിടിപെട്ടിരിക്കുന്നതെന്നാണ് പരിശോധനയിൽ വ്യക്തമായത്. ഇതിൽ വിദേശത്തു നിന്നു വന്നവരുടെ എണ്ണം വളരെ കുറവാണ്. അതുകൊണ്ടു തന്നെ രാജ്യത്ത് സമൂഹവ്യാപനത്തിന്റെ സാദ്ധ്യതകൾ ഈ ഘട്ടത്തിൽ വളരെ കൂടുതലാണ്. സമ്പർക്കം മൂലം 40 പേർക്കാണ് രോഗം പിടിപെട്ടിരിക്കുന്നത്. ഇനിയുള്ള ദിവസങ്ങളിൽ ഈ കണക്കുകൾ കൂടാനും സാധ്യത ഉണ്ടെന്ന് ഐസിഎംആർ വിലയിരുത്തുന്നു.