സുരക്ഷാ ഉപകരണങ്ങൾ വാങ്ങുന്നതിൽ സംസ്ഥാനങ്ങൾക്ക് നിയന്ത്രണം; ആവശ്യമനുസരിച്ച് നൽകാമെന്ന് കേന്ദ്രം

ന്യൂഡെൽഹി: സുരക്ഷാ ഉപകരണങ്ങൾ വാങ്ങുന്നതിൽ സംസ്ഥാനങ്ങൾക്ക് മേൽ നിയന്ത്രണം കടുപ്പിച്ചു കേന്ദ്ര സർക്കാർ. കൊറോണ നേരിടാൻ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അനിവാര്യമായ മാസ്ക്, ഗ്ലൗസ്, വെന്റിലേറ്റര്‍, പിപിഇ കിറ്റുകളുമടക്കമുള്ള മെഡിക്കൽ ഉപകരണങ്ങൾ ഇഷ്ടാനുസരണം വാങ്ങരുതെന്നാണ് സംസ്ഥാനങ്ങളോട് കേന്ദ്രം നിർദ്ദേശിച്ചിരിക്കുന്നത്. കൊറോണയെ നേരിടാൻ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അനിവാര്യമായ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിക്കുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് ഇതിലൂടെ കേന്ദ്രം.
രാജ്യമെങ്ങും കൊറോണ ഭീഷണി നേരിടുന്ന സമയത്ത് സുരക്ഷയ്ക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങരുതെന്ന കേന്ദ്ര നിർദേശം ദോഷകരമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം പലയിടത്തും ആവശ്യത്തിന് ഉപകരണങ്ങളില്ലെന്ന പരാതികൾ ഉയർന്നതുകൊണ്ടാണ് സംസ്ഥാനങ്ങൾക്ക് മേൽ ഇത്തരത്തിൽ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.
പിപിഇ, എൻ 95 മാസ്കുകൾ, വെന്റിലേറ്ററുകൾ എന്നിവ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വാങ്ങിക്കരുതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. പകരം ആവശ്യമുള്ളവയുടെ കണക്കെടുത്ത് അടിയന്തിരമായി കേന്ദ്രത്തെ അറിയിക്കണമെന്നും കേന്ദ്രം ആവശ്യാനുസരണം ഉപകരണങ്ങൾ വാങ്ങിച്ച് സംസ്ഥാനങ്ങൾക്ക് നൽകുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം സര്‍ക്കുലറിൽ വ്യക്തമാക്കുന്നു.
ദുരന്ത നിവാരണ നിയമമനുസരിച്ചാണ് ഈ തീരുമാനം എടുത്തതെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.