വാട്ട്സാപ്പിൽ വ്യാജ സന്ദേശം വൈറലായി ; ‘കർശനമായ മുന്നറിയിപ്പി’ൽ ഞെട്ടിയവർ ഏറെ;

ന്യൂഡെൽഹി: കൊറോണയുമായി ബന്ധപ്പെട്ട വാർത്തകൾ സർക്കാരിനല്ലാതെ മറ്റാർക്കും പങ്കുവെക്കാൻ അനുവാദമില്ലെന്നവ്യാജ സന്ദേശം വാട്സാപ്പിലും സോഷ്യൽ മീഡിയയിലും വൈറലായി. സർക്കാരിന്റെ നിർദ്ദേശമെന്ന് തോന്നുന്ന  രീതിയിലാണ്ഈ സന്ദേശം പ്രചരിച്ചത്. നിരവധി പേർ വ്യാജ സന്ദേശം ഗ്രൂപ്പ് അഡ്മിന്റെ തലത്തിലേക്ക് ഉയർന്ന് ‘ആധികാരികമായി ‘ ഷെയർചെയ്തു.

സർക്കാരിനല്ലാതെ മറ്റാർക്കും  വാർത്തകൾ പങ്കുവെക്കാൻ അധികാരമില്ലെന്ന് കാണിക്കുന്ന ഉത്തരവുകളൊന്നും സുപ്രീംകോടതിപുറത്തിറക്കിയിട്ടില്ലെന്നിരിക്കെയാണ് വ്യാജസന്ദേശം പ്രചരിച്ചത്. സന്ദേശം കാണുന്നവരെ തെറ്റിദ്ധരിപ്പിക്കാൻ സുപ്രീംകോടതിയുടെ ചിത്രവും അറിയിപ്പിന്റെ ഒരു വശത്ത് കൊടുത്തായിരുന്നു വ്യാജ സന്ദേശം.

പ്രചരിച്ച വ്യാജസന്ദേശം ഇങ്ങനെ

‘കർശനമായ മുന്നറിയിപ്പ്

06/04/2020

എല്ലാവർക്കും ഇന്ന് അർദ്ധരാത്രി മുതൽ മാൻഡേറ്റ്:

ഡൽഹി:ഇന്ന് രാത്രി 12 ( തിങ്കളാഴ്ച്ച അർദ്ധരാത്രി) മുതൽ രാജ്യത്ത് ദുരന്ത നിവാരണ നിയമം നടപ്പാക്കി. ഈ അപ്‌ഡേറ്റ് അനുസരിച്ച്, സർക്കാർ വകുപ്പിന് പുറമെ മറ്റൊരു പൗരനും ഇനി മുതൽ കൊറോണ വൈറസുമായി ബന്ധപ്പെട്ട ഒരു അപ്‌ഡേറ്റും പോസ്റ്റുചെയ്യാനോ പങ്കിടാനോ അനുവദിക്കില്ല, ഇത് ശിക്ഷാർഹമായ കുറ്റമാണ്.

മുകളിലുള്ള അപ്‌ഡേറ്റ് പോസ്റ്റുചെയ്യാനും ഗ്രൂപ്പുകളെ അറിയിക്കാനും വാട്സ് അപ്പ് ഗ്രൂപ്പ് അഡ്മിനുകളോട് അഭ്യർത്ഥിക്കുന്നു.

ഇത് കർശനമായി ഗ്രൂപ്പ്
മെമ്പർമാർ പാലിക്കുക.’

സന്ദേശത്തിന് താഴെ ലൈവ് ലോ.ഇൻ എന്ന വെബ്സൈറ്റിന്റെ വാർത്താ ലിങ്കും നൽകിയിരുന്നു. സർക്കാർ ഏജൻസികളിൽ നിന്നും വസ്തുതകളിൽ കൃത്യത വരുത്താതെ ഒരു മാധ്യമവും കൊറോണയുമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധീകരിക്കരുത് എന്ന സുപ്രീംകോടതി നിർദേശത്തെ കുറിച്ചാണ് വാർത്തയുടെ ലിങ്കിലുള്ളത്.
വ്യാജവാർത്തയും സന്ദേശവുമായി ലിങ്കിലെ വാർത്തയ്ക്ക് യാതൊരു ബന്ധവുമില്ല. വ്യാജ വാർത്ത ശരിയാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ലിങ്ക് ഉപയോഗിച്ചെന്ന് വ്യക്തം. സന്ദേശം ശരിയല്ലെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയും വ്യക്തമാക്കിയിരുന്നു.

വാട്ട്സാപ്പിലും സോഷ്യൽ മീഡിയയിലും ചിലർ പടച്ചു വിടുന്ന വ്യാജസന്ദേശങ്ങളും അഭ്യർഥനകളും മുമ്പും ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. ഇത്തരം സന്ദേശങ്ങളിൽ അഭ്യസ്തവിദ്യരും പെട്ടുപോകാറുണ്ടെന്നതാണ് വസ്തുത.