ലോക്ക്ഡൗൺ തുടരണോ ? അഭിപ്രായമറിയാൻ 11 ന് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് മോദി

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ഏപ്രിൽ 11 നാണു യോഗം. വീഡിയോ കോൺഫറൻസ് വഴി ലോക് ഡൗൺ, കൊറോണ വ്യാപനം എന്നിവ ചർച്ച ചെയ്യും. സംസ്ഥാനങ്ങൾ സമർപ്പിച്ച കർമ പദ്ധതികളും ചർച്ച ചെയ്യും. ഇതിന് ശേഷം ലോക് ഡൗൺ സംബന്ധിച്ച് തീരുമാനം ഉണ്ടാകും.

ലോക്ക്ഡൗൺ നീട്ടണമെന്നാവശ്യപ്പെട്ട് ഒട്ടേറെ സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനം നിയന്ത്രണത്തിലാക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണിത്. രാജ്യത്ത് കൊറോണയെ തുടർന്നുണ്ടായ മരണത്തിലും രോഗ വ്യാപനത്തിലും 24 മണിക്കൂറിനിടെ വൻകുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളത്. 773 പേർക്ക് രോഗവും 35 മരണവുമാണ് ചൊവ്വാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 5194 ആകുകയും മരണം 149-ലെത്തുകയും ചെയ്തു.

അടിസ്ഥാന മേഖലകളിലെ നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി പിൻവലിച്ച് നിശ്ചലമായ സമ്പദ് വ്യവസ്ഥ ചലിപ്പിക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനമെന്നാണ് അറിയുന്നത്. സംസ്ഥാനങ്ങളുടെ നിർദേശങ്ങളും ആശങ്കകളും ഗൗരവമായി പരിഗണിക്കും. അതേസമയം, തൊഴിൽ നഷ്ടത്തെക്കുറിച്ചും സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്.