ഇളവുകളോടെ ലോക്ക് ഡൗൺ തുടരും; അന്തിമ തീരുമാനം ശനിയാഴ്ച

ന്യൂഡൽഹി: ലോക്ഡൗൺ തുടരുന്നതിൽ അന്തിമ തീരുമാനമെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ലോക്ഡൗൺ ഒറ്റയടിക്ക് പിൻവലിക്കാനാവില്ലെന്നും മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിനു ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും ഇന്ന് വിവിധ രാഷ്ട്രീയ നേതാക്കളുമായി നടന്ന വിഡിയോ കോൺഫറൻസിനുശേഷം പ്രധാനമന്ത്രി അറിയിച്ചു. ശനിയാഴ്ച വിഡിയോ കോൺഫറൻസിങ് വഴിയാണ് യോഗം. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തുന്ന രണ്ടാമത്തെ ചർച്ചയാണിത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ഷോപ്പിങ് മാളുകൾ എന്നിവ ഏപ്രിൽ 14നു ശേഷവും അടച്ചിടണമെന്ന് പ്രധാനമന്ത്രിയോട് മന്ത്രിമാർ നിർദേശിച്ചിട്ടുണ്ട്. ലോക്ഡൗൺ നീട്ടാനാണ് മിക്ക സംസ്ഥാനങ്ങളും ആവശ്യപ്പെടുന്നതെന്നാണു വിവരം. എന്നാൽ അടച്ചുപൂട്ടൽ നീണ്ടാൽ രാജ്യത്തിന്റെ സാമ്പത്തിക നില പ്രതിസന്ധിയിലാകുമെന്നതിനാൽ ഇളവുകളോടെ ലോക്ഡൗൺ തുടരാനാകും സാധ്യത.

രാജ്യത്ത് കൊറോണ കേസുകൾ 5000 കടന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി ഇന്ന് വിഡിയോ കോൺഫറൻസിങ് വഴി സർവകക്ഷി യോഗം വിളിച്ചിരുന്നു. കൊറോണ പ്രതിരോധിന മാർഗങ്ങളാണ് പ്രധാനമായി ചർച്ചയായതെന്നാണ് വിവരം. പാർലമെന്റിലെ പ്രതിപക്ഷ നേതാക്കളാണ് ചർച്ചയിൽ പങ്കെടുത്തത്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ ഗുലാം നബി ആസാദ്, എൻഎസ്പി നേതാവ് ശരദ് പവാർ, സമാജ്‌വാദി പാർട്ടി നേതാവ് റാം ഗോപാൽ യാദവ്, ശിവസേന നേതാവ് സഞ്ജയ് റാവുത്ത്, ബിഎസ്പി നേതാവ് സതീഷ് മിശ്ര,ജനതാദൾ നേതാവ് രാജീവ് രഞ്ജൻ സിങ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ഡിഎംകെ നേതാവ് എം.കെ സ്റ്റാലിൻ, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്, മുൻ രാഷ്ട്രപതി പ്രണവ് മുഖർജി എന്നിവരുമായി നേരത്തെ ചർച്ച നടത്തിയിരുന്നു.