ഡ്രൈവറല്ല; കൊറോണ രോഗ വിദഗ്ധൻ; സുരക്ഷയ്ക്ക് കാർ വീടാക്കി ഡോ.സച്ചിൻ

ഭോപ്പാല്‍: ഭോപ്പാലിലെ ജെപി ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടാറാണ് സച്ചിന്‍ നായിക്. കൊറോണ ചികിത്സയുടെ ചുമതലയുള്ള സച്ചിന്‍ ഒരാഴ്ചയായി ജീവിക്കുന്നത് തന്റെ കാറിനുള്ളിലാണ്. ജെപി ആശുപത്രിയില്‍ കൊവിഡ് ബാധിച്ചവരെ ചികിത്സിക്കുന്നവരില്‍ ഉള്‍പ്പെടുന്നയാളാണ് സച്ചിനും. ജോലി അവസാനിച്ച ശേഷം കാറിനുള്ളിലാണ് സച്ചിന്‍ വിശ്രമിക്കുന്നതും ഉറങ്ങുന്നതുമെല്ലാം. മറ്റെരാള്‍ക്ക് പോലും താന്‍ മൂലം രോഗം വരരുതെന്ന കരുതലിലാണ് വീട്ടിലോട്ട് പോലും പോകാതെ കാറിനുള്ളിലെ ജീവിതം സച്ചിന്‍ ആരംഭിച്ചത്. ദിനചര്യക്ക് വേണ്ടതെല്ലാം കാറിനുള്ളില്‍ ഉണ്ടെന്നും വായിക്കാനുള്ള പുസ്തകങ്ങള്‍ അടക്കം സജ്ജമാക്കിയിട്ടുണ്ടെന്നും സച്ചിന്‍ പറഞ്ഞു. ഒരാഴ്ചയായി ഇങ്ങനെയാണ് സച്ചിന്റെ ജീവിതം. ഫോണിലൂടെയും വീഡിയോ കോളിലൂടെയുമാണ് വീട്ടിലുള്ളവരുമായി സച്ചിന്‍ ബന്ധപ്പെടുന്നത്. കൊവിഡ് ബാധിച്ചവരെ ചികിത്സിക്കുന്നതിനാല്‍ തനിക്കും രോഗം വരാനുള്ള സാധ്യതയാണ് സച്ചിന്‍ മുന്നില്‍ കണ്ടത്. അങ്ങനെ സംഭവിച്ചാല്‍ തന്റെ ഭാര്യക്കോ കുഞ്ഞിനോ ഒക്കെ അത് പടരാനുള്ള സാധ്യതയുണ്ട്. അത് ഒഴിവാക്കാനാണ് ആശുപത്രിക്ക് സമീപം കാര്‍ പാര്‍ക്ക് ചെയ്ത ശേഷം തന്റെ ജീവിതം അതിനുള്ളിലേക്ക് സച്ചിന്‍ മാറ്റിയത്.