ന്യൂഡെല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സമൂഹവ്യാപന ഘട്ടത്തിലേക്ക് കടന്നുവെന്ന് ഡെല്‍ഹി എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയയുടെ മുന്നറിയിപ്പ്. മുംബൈ പോലുള്ള ചില പ്രദേശങ്ങളില്‍ അതിവേഗമാണ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുന്നത്. ഇത് ആശങ്കപ്പെടുത്തുന്നതാണ്. ചിലയിടങ്ങളില്‍ പ്രാദേശിക തലത്തില്‍ രോഗവ്യാപനം ഉണ്ടായിട്ടുണ്ട്.
നിസാമുദീനിലെ തബ്ലീഗ് സമ്മേളനം സമൂഹവ്യാപനത്തിന്റെ മുഖ്യകാരണങ്ങളില്‍ ഒന്നാണ്. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരെയും അവര്‍ ആരെയൊക്കെ ബന്ധപ്പെട്ടുവെന്ന് കണ്ടെത്തുന്നതും രോഗവ്യാപനം തടയുന്നതില്‍ നിര്‍ണായകമാണ്. ഏപ്രില്‍ 10ന് ശേഷമേ സമൂഹവ്യാപനം വലിയ തോതില്‍ ഉണ്ടായോ എന്ന് വ്യക്തമാകൂ. ഇതിന് ശേഷമേ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്നും എയിംസ് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.
ഇത് പ്രാരംഭഘട്ടത്തില്‍ തന്നെ നിയന്ത്രിക്കാനായാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. അതേസമയം രാജ്യത്തെ ഭൂരിഭാഗം ഇടങ്ങളിലും വൈറസ് നിയന്ത്രണ വിധേയമാണെന്നും രണ്‍ദീപ് ഗുലേറി വ്യക്തമാക്കി. വൈറസ് ബാധയുടെ രണ്ടാംഘട്ടത്തിലായിരുന്നു രാജ്യം ഇതുവരെ. എന്നാല്‍ രാജ്യത്തിന്റെ ചില മേഖലകളില്‍ കോവിഡ് ബാധ മൂന്നാംഘട്ടത്തിലേക്ക് എത്തിക്കഴിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയതായി ആജ് തക് റിപ്പോര്‍ട്ട് ചെയ്തു.