പൂട്ട് പൊളിച്ച് മെഡിക്കൽ കോളജ് ഐസിയുവിൽ കയറ്റി; ചികിൽസ കിട്ടാതെ സത്രീ മരിച്ചു

ഉജ്ജയിൻ: ശ്വാസതടസം ഉണ്ടായ അൻപത്തിയഞ്ചുകാരി മധ്യപ്രദേശിൽ ചികിത്സ കിട്ടാതെ മരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുവന്ന സ്ത്രീയെയാണ് ഐസിയുവിന്റെ താക്കോൽ കാണാഞ്ഞതിനെ തുടർന്ന് പൂട്ട് പൊളിച്ച് ഐസിയുവിൽ കയറ്റിത്. എന്നാൽ ഉടൻ ശ്വാസം ലഭിക്കാതെ മരിക്കുകയായിരുന്നു.

ഉജ്ജയിൻ ജില്ലയിലെ ആശുപത്രിയിലാണ് അതിദാരുണമായ സംഭവം. വ്യാഴാഴ്ച രാത്രിയാണ് അമിത രക്ത സമർദവും ശ്വാസതസവും അനുഭവപ്പെട്ട സ്ത്രീയെ ഉജ്ജയിനിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഇവരുടെ ആരോഗ്യ നില വഷളായതിനെ തുടർന്ന് മാധവ നഗറിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ മെച്ചപ്പെട്ട ചികിത്സയ്ക്കായി ആർഡി ഗർദി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സ്ത്രീയെയും കൊണ്ട് ആംബുലൻസ് ആശുപത്രിയിൽ എത്തിയപ്പോഴാണ് ഐസിയു പൂട്ടിയിട്ടിരിക്കുകയാണെന്നും ഐസിയുവിൽ ജീവനക്കാരില്ലെന്നും അറിയുന്നത്.

ഒടുവിൽ പൂട്ടുപൊളിച്ചാണ് ഇവരെ ഐസിയുവിൽ പ്രവേശിപ്പിക്കുന്നത്. അപ്പോഴേക്കും ആരോഗ്യസ്ഥിതി വഷളായിരുന്നു. ഏറെ താമസിയാതെ ഇവർ മരണത്തിന് കീഴടങ്ങി.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് മുതിർന്ന ഡോക്ടർമാരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഈ സ്ത്രീ ഉൾപ്പെടെ രണ്ട് രോഗികൾക്ക് വെന്റിലേറ്റർ സൗകര്യം നൽകാതിരുന്നതിനാണ് നടപടി.