മുംബൈ: നഗരത്തിൽ ഭീതി പരത്തി ധാരാവി കോളനിയിൽ രണ്ടു പേർക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കോളനിയിലെ കൊറോണ ബാധിതരുടെ എണ്ണം അഞ്ചായി. ഇവരെയെല്ലാം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുമായി ബന്ധം പുലർത്തിയവരെ കണ്ടെത്താൻ ശ്രമം തുടരുകയാണ്.
കഴിഞ്ഞ ദിവസം ധാരാവിയിൽ മുപ്പത്തിയഞ്ചുകാരനായ ഡോക്ടർക്കു കൊറോണ സ്ഥിരീകരിച്ചിരുന്നു. ഡോക്ടറുടെ കുടുംബാംഗങ്ങളെയും സമ്പർക്കം പുലർ ത്തിയവരെയും ക്വാറന്റൈൻ ചെയ്തു. ഡോക്ടർ താമസിച്ചിരുന്ന കെട്ടിടം ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ അധികൃതർ സീൽ ചെയ്തു.
വൃത്തിഹീനമായ ഇടവഴികളും ആയിരക്കണക്കിനു ചെറുവീടുകളും നിറഞ്ഞ ചേരിയിൽ ആളുകൾ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ പാലിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. അഞ്ചു ചതുരശ്രകിലോമീറ്ററിനുള്ളിൽ പത്തു ലക്ഷത്തിലധികം പേരാണു ധാരാവിയിൽ വസിക്കുന്നത്. കൊറോണ വ്യാപനത്തിന് സാധ്യതയേറെയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മഹാരാഷ്ട്രയിൽ 420 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 19 പേരാണ് ഇതുവരെ മരിച്ചത്.