വീടിനു പുറത്തിറങ്ങിയാൽ മാസ്ക് വേണം; ഉപയോഗം നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡെൽഹി: കൊറോണ പ്രതിരോധത്തിനായി മാസ്ക് ഉപയോഗം നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പുറത്തുപോകുന്നവർ നിർബന്ധമായും വീടുകളിൽ നിർമിച്ചതും പുനരുപയോഗിക്കാവുന്നതുമായ മാസ്ക്കുകൾ ധരിക്കണമെന്നു മന്ത്രാലയം നിർദേശിച്ചു. രാജ്യത്ത് ആളുകൾ തിങ്ങിപ്പാർക്കുന്നിടങ്ങളിൽ വൈറസ് ബാധ തടയുന്നതിനു ഇത് അത്യാവശ്യമാണ്. മൂക്കും വായയും പൂർണമായും മറയ്ക്കുന്ന രീതിയിലാകണം മാസ്ക് ധരിക്കേണ്ടത്.
എന്നാൽ രോഗബാധിതരോ ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉള്ളവരോ വീടുകളിൽ നിര്‍മിച്ച മാസ്‌ക് ഉപയോഗിക്കരുതെന്നും മന്ത്രാലയം നിര്‍ദേശിച്ചു. അങ്ങനെയുള്ളവരും ആരോഗ്യ പ്രവർത്തകരും കൊറോണ രോഗികളുമായി ഇടപഴകുന്നവരും സുരക്ഷാക്രമീകരണങ്ങളോടു കൂടിയ മാസ്ക് തന്നെ ധരിക്കണം. വീട്ടിൽ ഉള്ള വൃത്തിയായ തുണി ഉപയോഗിച്ചു മാസ്ക് നിർമിക്കേണ്ട വിധവും മന്ത്രാലയം പുറത്തിറക്കി. ഒരു കുടുംബത്തിലെ ഓരോരുത്തർക്കും പ്രത്യേകം മാസ്ക് നിർമിക്കണം.

എല്ലാവരും മാസ്ക് ധരിക്കേണ്ടതില്ലെന്നും സാമൂഹിക അകലം പാലിക്കുന്നതിലാണ് പ്രാഥമികമായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നുമാണ് സർക്കാർ നേരത്തെ പറഞ്ഞിരുന്നത്. ആശുപത്രിയിൽ പോകുന്നവരും രോഗികളുമായി അടുത്തിടപഴകുന്നവരും മാത്രം മാസ്ക് ധരിച്ചാൽ മതിയെന്നായിരുന്ന് ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ മാർച്ച് 31നു നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. എന്നാല്‍ മാറിയ സാഹചര്യത്തിലാണ് വീടിനു പുറത്തിറങ്ങുന്ന എല്ലാവരും മാസ്‌ക്‌ ധരിക്കണമെന്ന നിര്‍ദേശം.