ഒളിവില്‍ അല്ല നിരീക്ഷണത്തിൽ: നിസാമുദ്ദീനിൽ സമ്മേളനം സംഘടിപ്പിച്ച മര്‍ക്കസ് മേധാവി

ന്യൂഡൽഹി: താന്‍ ഒളിവില്‍ അല്ലെന്നും കൊറോണ നിരീക്ഷണത്തിലെന്നും തബ്‍ലീഗ് സമ്മേളനം സംഘടിപ്പിച്ച നിസാമുദ്ദീന്‍ മര്‍ക്കസ് മേധാവി മൗലാന മുഹമ്മദ് സാദ്. ദില്ലി പൊലീസിന്‍റെ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മര്‍ക്കസ് മേധാവി. തബ്‍ലീഗ് സമ്മേളനം വിവാദമായതിന് പിന്നാലെ ഇദ്ദേഹം ഒളിവിലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ഡെൽഹി നിസാമുദ്ദിൻ സമ്മേളനത്തിൽ പങ്കെടുത്തവരുമായി ബന്ധപ്പെട്ട് 9000 പേരെ കേന്ദ്രം രോഗസാധ്യതാ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. സമ്മേളനത്തിൽ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങിയ 8000 പേരെ നിരീക്ഷിക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടിരുന്നത്. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കൊറോണ കേസുകളില്‍ 61 ശതമാനം തബ്‍ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരിലാണെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍.

അതേസമയം നിസാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുത്ത ഇരുനൂറ് വിദേശ പ്രതിനിധികള്‍ ഒളിവിലാണ്. ഇവരെ കണ്ടെത്തുന്നതിന് ആരാധനാലയങ്ങളിലടക്കം പരിശോധന നടത്താന്‍ പൊലീസ് ഡെൽഹി സര്‍ക്കാരിന്‍റെ അനുമതി തേടിയിട്ടുണ്ട്. ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നെത്തിയ 200 പേരെ അടിയന്തരമായി കണ്ടെത്തി പരിശോധനകള്‍ക്കും നിരീക്ഷണത്തിനും വിധേയരാക്കാനുള്ള തീവ്രശ്രമത്തിലാണ് ഡെൽഹി പൊലീസ്.
1965 മേയ് 10നു ജനിച്ച മൗലാന മുഹമ്മദ് സാദ് തബ്‌ലീഗ് ജമാഅത്തിന്റെ ഇപ്പോഴത്തെ മേധാവി (അമീര്‍) ആണ്. സംഘടനാ സ്ഥാപകനായ മൗലാന മുഹമ്മദ് ഇല്യാസിന്റെ ചെറുമകനാണ് മുഹമ്മദ് സാദ്. 214 രാജ്യങ്ങളിലായി ലക്ഷക്കണക്കിന്‌ അനുയായികളാണ് സാദിനുള്ളത്. 2015 നവംബര്‍ 16 നാണ് സാദ് തബ്‌ലീഗ് ജമാഅത്തിന്റെ തലപ്പത്തെത്തിയത്. 1995 മുതല്‍ 2015 വരെ ഷൂറാ കൗണ്‍സില്‍ അംഗമായിരുന്നു. അമ്പത്തിയാറുകാരനായ സാദിന് ഡല്‍ഹിയിലെ സക്കീര്‍ നഗറിലും ഉത്തര്‍പ്രദേശിലെ ഖണ്ഡാലയിലും വസതികളുണ്ട്.

അതിനിടെ മൗലാന സാദിന്റേത് എന്ന പേരില്‍ സാമൂഹിക അകലം പാലിക്കലിനെ എതിര്‍ക്കുന്ന ഓഡിയോ ക്ലിപ്പുകളും പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ ആധികാരികത അധികൃതര്‍ ഉറപ്പിച്ചിട്ടില്ല. സാമൂഹിക അകലം പാലിക്കല്‍ ആവശ്യമില്ലെന്നും മതാചാരത്തില്‍ അതു പറയുന്നില്ലെന്നുമാണ് ഓഡിയോ ക്ലിപ്പില്‍ പറയുന്നത്. മരിക്കാന്‍ ഏറ്റവും നല്ലയിടം പള്ളിയാണെന്നും മര്‍ക്കസിന്റെ യൂട്യൂബ് ചാനലില്‍ പ്രസിദ്ധീകരിച്ച ക്ലിപ്പില്‍ പറയുന്നു. കൊറോണ വൈറസിന് തന്റെ അനുയായികളെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ഓഡിയോയില്‍ സൂചിപ്പിക്കുന്നു. ഡല്‍ഹി ക്രൈംബ്രാഞ്ച് വിഭാഗം ഇതു പരിശോധിക്കുന്നുണ്ട്.

രണ്ടാമത്തെ ഓഡിയോ ക്ലിപ്പില്‍ നിലപാടു മാറ്റം വന്നിട്ടുണ്ട്. ഇപ്പോള്‍ സംഭവിക്കുന്നത് മനുഷ്യര്‍ ചെയ്ത കുറ്റകൃത്യങ്ങളുടെ ഫലമാണെങ്കിലും നമ്മള്‍ വീടുകളില്‍ തന്നെ കഴിയണമെന്ന് ശബ്ദസന്ദേശം വ്യക്തമാക്കുന്നു. ഡോക്ടര്‍മാരുടെ ഉപദേശവും ഭരണകൂടത്തിന്റെ നിര്‍ദേശവും പാലിക്കണം. ക്വാറന്റീന്‍ മതാചാരത്തിന് എതിരല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. താന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഡല്‍ഹിയില്‍ ഐസലേഷനിലാണെന്നും ക്ലിപ്പില്‍ പറയുന്നു.