തിരി തെളിക്കും മുമ്പ് സാനിറ്റൈസര്‍ ഉപയോഗിക്കരുത്: ആരോ​ഗ്യ മന്ത്രാലയ മുന്നറിയിപ്പ്

ദില്ലി: പ്രധാനമന്ത്രിയുടെ ആഹ്വാനം പ്രകാരം മെഴുകുതിരി തെളിക്കും മുമ്പ് ആരും സാനിറ്റൈസര്‍ ഉപയോഗിക്കരുതെന്ന് മുന്നറയിപ്പുമായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം. ഏപ്രില്‍ അഞ്ചിന് രാത്രി ഒന്‍പത് മണിക്ക് വീട്ടിലെ എല്ലാ വിളക്കും അണച്ച ശേഷം വീടുകളുടെ വാതില്‍ക്കലേക്കോ, ബാല്‍ക്കണിയിലോ വന്ന് വിളക്ക്, മെഴുകുതിരി, ടോര്‍ച്ച്, മൊബൈല്‍ ലൈറ്റ് എന്നിവ തെളിയിക്കാനാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. ഈ വെളിച്ചം 130 കോടി ജനങ്ങളുടെ ശക്തിയുടെ പ്രകടനമാകുമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.

മെഴുകുതിരി ആണ് തെളിക്കുന്നതെങ്കില്‍ അതിന് മുമ്പ് സാനിറ്റൈസര്‍ ഉപയോഗിക്കരുതെന്നാണ് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്.
നേരത്തെ, എല്ലാവരും ഒരേ സമയം ഒമ്പത് മിനിറ്റ് വൈദ്യുതി വിളക്കുകള്‍ അണച്ചാല്‍ രാജ്യത്തെ വൈദ്യുതി വിതരണം താറുമാറാകുമെന്നും മുന്നറിയിപ്പ് വന്നിരുന്നു. എല്ലാവരും പ്രധാനമന്ത്രിയുടെ നിര്‍ദേശം പാലിച്ചാല്‍ പിന്നീട് വൈദ്യുതി വിതരണത്തില്‍ നാഷണല്‍ ഇലക്ട്രിസിറ്റി ഗ്രിഡ് വലിയ വെല്ലുവിളി നേരിടേണ്ടി വരുമെന്നും പ്രചാരണം ഉണ്ടായിരുന്നു. ഇത് ശരിയല്ലെന്ന് അധികൃതർ വിശദീകരിച്ചിട്ടുണ്ട്.