കൊറോണ പ്രതിരോധിക്കാൻ സംസ്ഥാനങ്ങള്‍ക്ക് 11,092 കോടിയുടെ കേന്ദ്ര സഹായം

ന്യൂഡൽഹി: കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംസ്ഥാന ദുരന്ത നിവാരണ മാനേജ്മെന്റ് ഫണ്ടിന് കീഴിൽ സംസ്ഥാനങ്ങൾക്ക് 11,092 കോടി രൂപ നൽകുമെന്ന് കേന്ദ്ര സർക്കാർ. 2020-21 കാലത്തെ സംസ്ഥാന ദുരന്ത നിവാരണ മാനേജ്മെന്റ് ഫണ്ടിന്റെ ആദ്യ ഗഡു എന്ന നിലയിൽ അടിയന്തിര സഹായം. ആവശ്യമായ ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകിയതിന് പിന്നാലെയാണ് പ്രഖ്യാപനം.

കൊറോണ പ്രവർത്തനങ്ങൾക്കൊപ്പം രോഗനിർണയത്തിനും ചികിത്സക്കുമായി ഫണ്ട് വിനിയോഗിക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതിയുണ്ട്.
ക്വാറന്റൈൻ സൗകര്യങ്ങൾ സജ്ജീകരിക്കൽ, സാമ്പിൾ ശേഖരണം, അധിക പരിശോധനാ കേന്ദ്രങ്ങൾ സജ്ജീകരിക്കുക, ആരോഗ്യ പ്രവർത്തകർക്കുള്ള വ്യക്തി സംരക്ഷണ ഉപകരണങ്ങൾ വാങ്ങുക, മുനിസിപ്പാലിറ്റി, പോലീസ്, അഗ്നിശമന സേന, തെർമ്മൽ സ്കാനർ, വെന്റിലേറ്ററുകൾ, എയർ പ്യൂരിഫയർ, സർക്കാർ ആശുപത്രികളിലേയ്ക്കുള്ള ഉപകരണങ്ങൾ എന്നിവയ്ക്കായി തുക ചിലവഴിക്കാമെന്നും കേന്ദ്രം അറിയിപ്പിൽ വ്യക്തമാക്കി.