കാസർഗോഡ് – മംഗലാപുരം അതിർത്തി ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കായി തുറന്നുകൊടുക്കാമെന്ന് കർണാടക സർക്കാർ

കൊച്ചി: അതിർത്തി തുറക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിന് പിന്നാലെ കാസർഗോഡ് – മംഗലാപുരം അതിർത്തി ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കായി തുറന്നുകൊടുക്കാമെന്ന് കർണാടക സർക്കാർ.നില അതീവ ഗുരുതരമാണെങ്കിൽ മാത്രമേ കടത്തിവിടൂ. ഇതിന് ഡോക്ടറുടെ അനുമതി കൂടിയേ തീരൂ. ഇന്ന് ഇതുവരെയായും ആരെയും കടത്തിവിട്ടിട്ടില്ല.
ഇതിനായി അതിർത്തിയിൽ ഡോക്ടറെ നിയമിച്ചു.

ഈ ഡോക്ടർ മംഗലാപുരത്തേക്ക് പോകുന്ന രോഗികളെ പരിശോധിക്കും. അതിർത്തി തുറന്നുകൊടുക്കണമെന്ന് ഇന്നലെ കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

ഡിസാസ്റ്റർ മാനേജ്മെന്റ് നിയമ പ്രകാരം ദേശീയ പാത തുറന്നുകൊടുക്കാനാണ് ആവശ്യപ്പെട്ടത്. കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. തടസപ്പെട്ട റോഡുകൾ തുറക്കാൻ അടിയന്തര നടപടിയെടുക്കണം. കേന്ദ്ര സർക്കാരിനാണ് ഇതിന്റെ ഉത്തരവാദിത്വം. എതിർ കക്ഷികൾ മൂന്ന് ആഴ്‍ച്ച ക്കുള്ളിൽ എതിർ സത്യവാങ്മൂലം നൽകണം. ഹർജിയിൽ മറ്റ് ആവശ്യങ്ങൾ ഉണ്ട്. പക്ഷേ അത് ഇപ്പോൾ പരിഗണിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. മൂന്നാഴ്ച ക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കും.

ദേശീയ പാതകളുടെ ഉടമസ്ഥാവകാശം കേന്ദ്ര സർക്കാരിനാണ്. ഈ പാതകൾ തടസപ്പെടുത്തിയാൽ നിയമ നടപടി വരെ എടുക്കാം. ഇന്ത്യൻ യൂണിയന്റെ ഭാഗമായിരിക്കുന്നിടത്തോളം കാലം കർണാടക സർക്കാർ രാജ്യത്തെ ഓരോ പൗരന്റെയും മൗലിക അവകാശങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥരാണ്. ഇത് കർണാടകം മനസിലാക്കണം. കർണാടക സർക്കാരിനെതിരെ ഇപ്പോൾ ഉത്തരവ് പാസാക്കുന്നില്ലെന്നും റോഡ് തുറക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകുകയാണെന്നുമാണ് കോടതി പറഞ്ഞത്.