തൃപ്തി ദേശായി ചാരായം വാറ്റിയതിന് അറസ്റ്റിലായെന്ന് പ്രചാരണം; വീഡിയോ വ്യാജം

ന്യൂഡൽഹി: ശബരിമലയിൽ ദർശനം നടത്താനെത്തി സംസ്ഥാനത്ത് കുപ്രസിദ്ധയായ ഭൂ മാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ലോക്ക് ഡൗണിൽ ചാരായം വാറ്റിയതിന് അറസ്റ്റിലായെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ വ്യാജം. മഹാരാഷ്ട്രയിൽ സമ്പൂർണ മദ്യനിരോധനം വേണമെന്നാവശ്യപ്പെട്ട് പൂനെയിൽ നടത്തിയ പ്രതിഷേധത്തിനിടെ എടുത്ത വീഡിയോ ആണ് ഇതെന്ന് തൃപ്തി ദേശായി വെളിപ്പെടുത്തി.

നാലു മാസം മുമ്പ് ഒഴിഞ്ഞ മദ്യ കുപ്പികളുമായി പ്രതിഷേധിച്ച ഇവരെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. പഴയ വീഡിയോ പുതിയ കുറിപ്പോടെ രാജ്യം മുഴുവൻ പ്രചരിക്കുന്നുണ്ട്. രാജ്യത്തെ എല്ലാ ഭാഷകളിലും ഒരേ കുറിപ്പോടെ വീഡിയോ ഇറങ്ങിയിട്ടുണ്ട്. ഇതിനോടകം വൈറലായ വീഡിയോയ്ക്കെതിരെ ഇവർ സൈബർ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് സ്ത്രീത്വത്തേ അപമാനിക്കുന്നതിന് തുല്യമാണെന്നും തൃപ്തി ദേശായി പറഞ്ഞു.

പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഭൂമാതാ ബ്രിഗേഡ്’ എന്ന സാമൂഹ്യ സംഘടനയുടെ സ്ഥാപകയാണ് തൃപ്തി ദേശായി. ആരാധനാലയങ്ങളിൽ സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഭൂമാതാ ബ്രിഗേഡ്. ശനി ശിക്നപ്പൂർ ക്ഷേത്രം, കൊൽഹാപൂരിലെ മഹാലക്ഷ്മി ക്ഷേത്രം, നാസിക്കിലെ ത്രയംബകേശ്വർ ശിവ ക്ഷേത്രം, മുബൈയിലെ ഹാജി അലി ദർഗ എന്നിവിടങ്ങളിൽ കോടതി വിധിയെ തുടർന്ന് അനുയായികളോടൊപ്പം തൃപ്തി പ്രവേശിച്ചിരുന്നു. ശബരിമലയിൽ ദർശനം നടത്താൻ നീക്കം നടത്തിയതോടെയാണ് കേരളത്തിൽ ഇവർ അറിയപ്പെട്ട് തുടങ്ങിയത്.

സ്ത്രീവിവേചനത്തിനെതിരേയും സ്ത്രീവിമോചനത്തിനായും പോരാടുന്ന വ്യക്തികൂടിയാണ് തൃപ്തി. കൊൽഹാപ്പൂരിലെ ഗഗൻഗിരി മഹാരാജിന്റെ കടുത്ത ഭക്തയുമാണ് തൃപ്തി.