ആൻഡമാന്‍ നിക്കോബാറിൽ ആദ്യ കൊറോണ ബാധ

പോര്‍ട്ട് ബ്ലെയര്‍: ആൻഡമാന്‍ നിക്കോബാര്‍ ദ്വീപ് പ്രദേശത്ത് ആദ്യമായി കൊറോണ ബാധ സ്ഥിരീകരിച്ചു. മാര്‍ച്ച്‌ 24ന് കൊല്‍ക്കത്തയില്‍ നിന്നും തിരിച്ചെത്തിയ ദ്വീപ് നിവാസിക്കാണ്
കൊറോണ ബാധ സ്ഥിരീകരിച്ചതെന്ന് ആൻഡമാന്‍ നിക്കോബാര്‍ ചീഫ് സെക്രട്ടറി ചേതന്‍ സംഗി ട്വീറ്റ് ചെയ്തു. ഇയാള്‍ജി.ബി. പാന്ത് ആശുപത്രിയില്‍ ചികിത്സയിലാണ്.

മാര്‍ച്ച്‌ 12നാണ് ഇയാള്‍ അമേരിക്കയില്‍ നിന്നും കൊല്‍ക്കത്തയില്‍ തിരിച്ചെത്തിയത്. പിന്നീട് മുന്‍കൂര്‍ അനുമതി വാങ്ങിയ പ്രകാരം മാര്‍ച്ച്‌ 24ന് ദ്വീപിലേക്ക് യാത്ര ചെയ്തു. ദ്വീപിലെത്തിയ ഉടനെ ഇയാളെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിരുന്നു.എന്നാൽ അമേരിക്കയില്‍ നിന്നാണ് തിരിച്ചെത്തിയത് എന്ന വിവരം ഇയാള്‍ അധികൃതരെ അറിയിച്ചിരുന്നില്ല. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ ദ്വീപില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. മാര്‍ച്ച്‌ 22 മുതല്‍ പുറത്തുനിന്നും എത്തുന്നവര്‍ക്കുള്ള പ്രവേശനം പൂര്‍ണമായും നിരോധിച്ചു. മുന്‍കൂട്ടി അനുവാദം ലഭിച്ചവര്‍ക്ക് മാത്രമേ ദ്വീപില്‍ പ്രവേശനം അനുവദിച്ചിരുന്നുള്ളു. അതിനിടെയാണ് ദ്വീപുവാസിക്ക് തന്നെ കൊറോണ പിടിപെട്ടത്.
ആളുകള്‍ പരിഭ്രാന്തരാവേണ്ടെന്നും വ്യാജവാര്‍ത്തകള്‍ വിശ്വസിക്കാതെയും പ്രചരിപ്പിക്കാതെയും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ചേതന്‍ സംഗി ആവശ്യപ്പെട്ടു.