അധിക ചാർജില്ലാതെ ഏത് എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കാം

ന്യൂഡൽഹി: വരുന്ന മൂന്നുമാസത്തേക്ക് ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഏതു ബാങ്കിന്റെ എ.ടി.എമ്മിൽനിന്നും പണം പിൻവലിക്കാമെന്നും അതിന് അധികചാർജ് ഈടാക്കുകയില്ലെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.
കൊറോണ ഏൽപ്പിച്ച ആഘാതത്തെ അതിജീവിക്കാൻ സാമ്പത്തിക പാക്കേജ് ഉടൻ പ്രഖ്യാപിക്കുമെന്നും ധനമന്ത്രി പറഞ്ഞു. വീഡിയോ കോൺഫറൻസ് വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആധാറും പാനുമായി ബന്ധിപ്പിക്കാനുള്ള തിയതി ജൂൺ 30 വരെ നീട്ടിയതായും മന്ത്രി പറഞ്ഞു. ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയതി 2020 ജൂൺ 30 ആക്കി നീട്ടിനൽകുന്നത് ഉൾപ്പെടെ നിരവധി ഇളവുകൾ മന്ത്രി പ്രഖ്യാപിച്ചു.
സേവിങ്സ് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് നിബന്ധന ഒഴിവാക്കി.വൈകി അടയ്ക്കുമ്പോഴുള്ള പിഴപ്പലിശ 12 ശതമാനത്തിൽനിന്ന് 9 ശതമാനമാക്കി.

മാർച്ച്,ഏപ്രിൽ, മേയ് മാസങ്ങളിലെ ജി.എസ്.ടി. റിട്ടേൺ ഫയൽ ചെയ്യാനുള്ള തിയതി ജൂൺ 30 വരെയാക്കി.
കയറ്റുമതി-ഇറക്കുമതി മേഖലയെ സഹായിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കസ്റ്റംസ് ക്ലിയറൻസ് അവശ്യ സേവനമാക്കി. ജൂൺ 30 വരെ കസ്റ്റംസ് ക്ലിയറൻസ് ആഴ്ചയിലെ ഏഴുദിവസവും 24 മണിക്കൂറും പ്രവർത്തിക്കും.
കമ്പനികളുടെ ബോർഡ് മീറ്റിങ്ങുകൾ കൂടാനുള്ള സമയപരിധി അറുപതുദിവസമാക്കിയെന്നും മന്ത്രി അറിയിച്ചു.