സാമൂഹ്യ മാധ്യമങ്ങളിലെ തെറ്റായ പ്രചാരണം തടയാൻ കേന്ദ്രം

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരരിപ്പിക്കുന്നവർക്കെതിരേ നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ. ഉപയോക്താക്കൾക്കായി ബോധവൽക്കരണ കാമ്പെയിനുകൾ ആരംഭിക്കാനും നിർദേശിച്ചിട്ടുണ്ട്.

‘ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതോടെ കൊറോണ വൈറസ് ആഗോള വിഷയമായി മാറിയിരിക്കുകയാണ്. വൈറസിന്റെ വ്യാപനം തടയുന്നതിന് വേണ്ടി എല്ലാ രാജ്യങ്ങളും സാധ്യമായതെല്ലാം ചെയ്തുകൊണ്ടിരിക്കുകയാണ്.
എന്നാൽ കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകളും വിവരങ്ങളും ഡേറ്റകളും വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സാമൂഹിക മാധ്യമങ്ങൾ ഉപയോക്താക്കൾക്കായി വിവിധ ബോധവൽക്കരണ കാമ്പെയിനുകൾക്ക് തുടക്കം കുറിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചു.
കൊറോണ വൈറസുമായി ബന്ധപ്പെട്ട ആധികാരിക വിവരങ്ങൾ സാമൂഹിക മാധ്യമങ്ങൾ പ്രചരിപ്പിക്കണം.ഒപ്പം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന കണ്ടന്റുകൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയാനും ഉപയോക്താക്കൾക്ക് കൃത്യമായ വിവരങ്ങൾ നൽകാനും വാട്സാപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങൾ ഔദ്യോഗിക ഹെൽപ് ലൈനുകൾ ആരംഭിച്ചിട്ടുണ്ട്.