ന്യൂഡൽഹി: ഖത്തറിൽനിന്ന് മടങ്ങിയെത്തിയ മുപ്പത്തിയെട്ടുകാരൻ ബിഹാറിൽ കൊറോണ ബാധിച്ച് ഇന്ന് മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ ആറായി. കൊറോണ ബാധിതരുടെ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്.
ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിൽസയിലായിരുന്നു ഇയാൾ. കഴിഞ്ഞ ദിവസം യുവാവിന് കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു.ബിഹാറിലെ മുംഗൂർ സ്വദേശിയായ ഇയാൾ വൃക്ക സംബന്ധമായ അസുഖത്തെ തുടർന്നാണ് മരിച്ചത്. ബിഹാറിലെ ആദ്യ കൊറോണ മരണമാണിത്.പാറ്റ്നയിൽ ഒരാൾ കൂടി ചികിൽസയിലാണ്.
നേരത്തെ മഹാരാഷ്ട്രയിൽ ഒരു മരണം റിപ്പോർട്ട് ചെയ്തിരുന്നു. മുംബൈ എച്ച്എൻ റിലയൻസ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന അറുപത്തിമൂന്നുകാരനാണ് മരിച്ചത്. ഇന്നലെയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാത്രിയോടെ മരിച്ചു.
ഇയാൾക്ക് ഉയർന്ന രക്തസമ്മർദവും പ്രമേഹവും ഹൃദയസംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു. മഹാരാഷ്ട്രയിൽ ഇതുവരെ 74 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഞായറാഴ്ച രാവിലെ മാത്രം 10 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.