നിര്‍ഭയ: വധശിക്ഷയ്ക്ക് സ്റ്റേ ആവശ്യപ്പെട്ട് പ്രതികള്‍ രാജ്യാന്തര കോടതിയില്‍

ന്യൂഡെൽഹി: നിർഭയ കേസിലെ വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികൾ രാജ്യാന്തര കോടതിയെ (ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസ്)സമീപിച്ചു. അക്ഷയ്, പവൻ, വിനയ് എന്നീ മൂന്നുപ്രതികളാണ് രാജ്യാന്തര കോടതിയെ സമീപിച്ചത്.

മാർച്ച് 20ന് പുലർച്ചെ 5.30-നാണ് നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ ഡൽഹി വിചാരണ കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

നിർഭയ കേസിലെ പ്രതി മുകേഷ് സിങ് തിരുത്തൽ ഹർജിക്ക് അനുമതി തേടി നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി തള്ളി. ഹർജി നിലനിൽക്കുന്നതല്ലെന്ന് ജസ്റ്റിസ് മിശ്ര ചൂണ്ടിക്കാട്ടി. മുകേഷ് സിങ്ങിന് നിയമപരമായ എല്ലാ സാധ്യതകളും അനുവദിച്ചതാണെന്ന് കോടതി പറഞ്ഞു.
ഇനി യാതൊരു പ്രതിവിധിയും അവശേഷിച്ചിട്ടില്ല. നിങ്ങൾ ദയാ ഹർജി ഉപയോഗപ്പെടുത്തി. അത് തള്ളി. തിരുത്തൽ ഹർജികളും തള്ളിയിരുന്നു. ഇനി എന്തുപ്രതിവിധിയാണ് അവശേഷിച്ചിട്ടുളളതെന്ന് സുപ്രീംകോടതി ചോദിച്ചു.

പ്രതികളിലൊരാളായ പവൻഗുപ്തയുടെ ദയാഹർജി രാഷ്ട്രപതി തള്ളിയതിന്റെ തൊട്ടടുത്ത ദിവസമാണ് ഡൽഹി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചത്.മറ്റുള്ളവരുടെ ദയാഹർജി രാഷ്ട്രപതി നേരത്തേ തള്ളിയിരുന്നു.