അവസാന മരണ വാറന്റ് ; നിര്‍ഭയ പ്രതികളെ 20ന് തൂക്കിലേറ്റും

ന്യൂഡൽഹി: അനിശ്ചിതത്വത്തിന് വിരാമമിട്ട് നിർഭയ കേസിലെ നാല് പ്രതികളേയും ഈ മാസം 20-ന് തൂക്കിലേറ്റാൻ പുതിയ മരണ വാറന്റ്. 20-ന് പുലർച്ചെ 5.30നാണ് പ്രതികളെ തൂക്കിലേറ്റേണ്ടത്.ഡൽഹി പട്യാല ഹൗസ് കോടതിയാണ് പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചത്.

പ്രതികളായ മുകേഷ്, വിനയ് ശർമ്മ, പവൻ ഗുപ്ത, അക്ഷയ് എന്നിവരുടെയെല്ലാം ദയാഹർജികൾ രാഷ്ട്രപതി തള്ളിയ സാഹചര്യത്തിൽ മാർച്ച് ഇരുപതിന് തന്നെ പ്രതികളെ തൂക്കിലേറ്റാനാണ് എല്ലാ സാധ്യതയും.
നിലവിൽ പ്രതികൾ നൽകിയ ഹർജികളും അപേക്ഷകളും ഒരു കോടതിക്ക് മുന്നിലും ഇല്ല.
ജനുവരി ഏഴിന് പ്രതികളെ തൂക്കിലേറ്റാനാണ് ആദ്യം മരണവാറന്റ് ഉണ്ടായിരുന്നത്. ഇതിന് ശേഷം രണ്ട് തവണ വീണ്ടും മരണ വാറന്റ് പുറപ്പെടുവിച്ചിരുന്നു എന്നാൽ
ദയാഹർജികളും തടസ ഹർജികളും കാരണം ഇത് വീണ്ടും റദ്ദാക്കി. മാർച്ച് മൂന്നിന് തൂക്കിലേറ്റാനായിരുന്നു അവസാന മരണവാറന്റ്. എന്നാൽ പവൻ ഗുപ്തയുടെ ദയാഹർജി രാഷ്ട്രപതിയുടെ പരിഗണനയിലുള്ളതിനാൽ വാറന്റ് റദ്ദാക്കുകയായിരുന്നു. പവൻഗുപ്തയുടെ ദയാഹർജി ഇന്നലെ രാഷ്ട്രപതി തള്ളിയിരുന്നു.മറ്റു തടസങ്ങളൊന്നുമില്ലാത്തതിനാൽ ഇത്തവണ വധശിക്ഷ നിശ്ചിത ദിവസം തന്നെ നടക്കുമെന്ന് ഉറപ്പായിട്ടുണ്ട്.