സംഘർഷത്തിന് അയവ്; ഡെൽഹിയിൽ മരണം 27

ന്യൂഡെൽഹി: പോലീസും കേന്ദ്രസേനയും വടക്കു കിഴക്കൻ ഡെൽഹിയിൽ കൂടുതൽ ജാഗ്രത പുലർത്തിയതോടെ സംഘർഷാവസ്ഥയ്ക്ക് നേരിയ അയവ് വന്നു. ഇന്ന് പുതിയ അക്രമങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലെ സംഘർഷത്തിൽ 27 പേരുടെ ജീവനാണ് നഷ്ടമായത്. ഇതിൽ ഒമ്പതു പേരും വെടിയേറ്റു മരിച്ചതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.പരിക്കേറ്റവരിൽ നിരവധി പേരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാനാണ് സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.200 ലേറെ പേർക്ക് പരിക്കേറ്റു. 18 കേസുകളിലായി 106 പേർ അറസ്റ്റിലായെന്നും ഡെൽഹി പോലീസ് അറിയിച്ചു.

സംഘർഷ ബാധിത പ്രദേശങ്ങളിലേക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

പ്രദേശങ്ങളിൽ പോലീസും കേന്ദ്രസേനയും റൂട്ട്മാർച്ചുകൾ നടത്തുന്നുണ്ട്. ഡ്രോണുകൾ ഉപയോഗിച്ചുള്ള നിരീക്ഷണം നടത്തുന്നുണ്ടെന്നും ഡെൽഹി പോലീസ് വിശദീകരിച്ചു.

എല്ലാ കെട്ടിടങ്ങളുടെയും മേൽക്കൂരകളും ടെറസുകളും ഡ്രോണുകൾ വഴി നിരീക്ഷിക്കുന്നുണ്ട്.

സംഘർഷ ബാധിത കേന്ദ്രങ്ങളിൽ ഡെൽഹി ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ഉപമുഖ്യന്ത്രി മനീഷ് സിസോദിയയും സന്ദർശനം നടത്തി.