രണ്ടു പേർ വെടിയേറ്റു മരിച്ചു; ഡെൽഹിയിൽ മരണം ഒമ്പത്

ന്യൂഡെൽഹി: വടക്കു കിഴക്കൻ ഡെൽഹിയിൽ സംഘർഷം പടരുന്നു. വെടിയേറ്റ രണ്ടു പേർ മരിച്ചതോടെ അക്രമത്തിൽ മരിച്ചവർ ഒമ്പതായി.പത്തുപേരുടെ നില ഗുരുതരമാണ്.160 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമികൾ നിരവധി വാഹനങ്ങൾ തകർക്കുകയും വീടുകൾക്ക് തീയിടുകയും ചെയ്തെന്നാണ് റിപ്പോർട്ട്. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള സംഘർഷത്തിനിടെയാണ് അക്രമം വ്യാപിക്കുന്നത്. സംഘർഷം പടരുന്ന പശ്ചാത്തലത്തിൽ വടക്ക് കിഴക്കൻ ഡഹിയിൽ ഒരുമാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാർച്ച് 24 വരെയാണ് നിരോധനാജ്ഞ.

മൂന്നുദിവസമായി തുടരുന്ന കലാപം നിയന്ത്രിക്കാൻ പോലീസ് ഫലപ്രദമായി ഇടപെടാത്തതാണ് സംഘർഷം വ്യാപിക്കാൻ കാരണമായത്.

സംഘർഷം അടിച്ചമർത്തുന്നതിനായി 35 കമ്പനി കേന്ദ്രസേനയെ വടക്കുകിഴക്കൻ ഡൽഹിയിൽ വിന്യസിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. നിലവിൽ രണ്ട് കമ്പനി ദ്രുതകർമ സേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
അതേസമയം മുസ്തഫാബാദിൽ ഇരുവിഭാഗങ്ങളും തമ്മിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. ഇവിടെ വീടുകൾക്കും കടകൾക്കും അക്രമികൾ തീയിടുകയും വാഹനങ്ങൾ അടിച്ചുതകർക്കുകയും ചെയ്തിട്ടുണ്ട്. ഗോകുൽപുരിക്കടുത്ത് നീത്നഗറിൽ അക്രമികൾ വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു.

കർവാൾ നഗർ, വിജയ് പാർക്ക്, യമുനാ നഗർ തുടങ്ങിയ സ്ഥലങ്ങളിലും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അക്രമം നടന്ന സ്ഥലങ്ങളിൽ വ്യാപകമായി വ്യാപാര സ്ഥാപനങ്ങൾ കൊള്ളയടിച്ചതായും റിപ്പോർട്ടുകളുണ്ട്.

അക്രമങ്ങൾ പടരുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പത്തു മണിക്കൂറിനിടെ രണ്ടു തവണ ഉന്നതതല യോഗം വിളിച്ചിരുന്നു.മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും അക്രമം തടയുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥയോഗം വിളിച്ചു. സമാധാനം പുനസ്ഥാപിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് കേജരിവാൾ അഭ്യർഥിച്ചു.