ന്യൂഡെൽഹി: അത്യാധുനിക ഹെലികോപ്ടർ കൈമാറുന്നതടക്കമുള്ള 22,000 കോടി രൂപയുടെ (300 കോടി ഡോളർ) പ്രതിരോധ കരാറിൽ ഇന്ത്യയും അമേരിക്കയും ഒപ്പുവെച്ചു. ഇരുരാജ്യങ്ങളും തമ്മിൽ നേരത്തേ ധാരണയിലെത്തിയ കരാറാണ് ഇന്ന് ഒപ്പുവച്ചത്.24 എംഎച്ച്-60 റോമിയോ ഹെലികോപ്റ്റർ വാങ്ങുന്നതിനും എഎച്ച് 64 ഇ അപ്പാഷെ ഹെലികോപ്റ്റർ വാങ്ങുന്നതിനു മാണ് ധാരണയായത്. ഹെലിക്കോപ്റ്ററുകൾ വാങ്ങാനുള്ള ഇടപാടിന് കേന്ദ്ര സർക്കാർ കഴിഞ്ഞ ആഴ്ച അംഗീകാരം നൽകിയിരുന്നു. ഹൈദരാബാദ് ഹൗസിലെപ്രധാനമന്ത്രി നരേന്ദ്ര മോദി- യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള സംയുക്ത പ്രസ്താവനയിലാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്.
മാനസികാരോഗ്യത്തിനുള്ള ചികിത്സാ സഹകരണം, വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിൽ സഹകരണം, പ്രകൃതിവാതക നീക്കത്തിന് ഐഒസി-എക്സോൺമൊബിൽ കരാർ എന്നിവയും ഇരു രാഷ്ട്രത്തലവൻമാരും ഒപ്പുവച്ചു. വ്യാപാര രംഗത്ത് ഇരുരാജ്യങ്ങളും സഹകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച കൂടിക്കാഴ്ചയിൽ നടന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. വാണിജ്യമന്ത്രിമാർ തമ്മിൽ ഇക്കാര്യത്തിൽ യോജിപ്പിലെത്തി വാണിജ്യ ചർച്ചകൾക്ക് രൂപം നൽകുമെന്ന് മോദി വ്യക്തമാക്കി.
ഭീകരതയെ നേരിടാൻ ഇരു രാജ്യങ്ങളും ഒരുമിച്ച് പൊരുതുമെന്നും ആഭ്യന്തര സുരക്ഷയിൽ ഇരുരാജ്യങ്ങളും സഹകരിക്കുമെന്നും മോദി പറഞ്ഞു. പ്രതിരോധ സഹകരണം നിർണായകമാണെന്നും മോദി കൂട്ടിച്ചേർത്തു.
പാക് മണ്ണിൽ നിന്ന് ഭീകരവാദം തുടച്ചുനീക്കണമെന്ന് സംയുക്ത പ്രസ്താവനയിൽ ട്രംപ് ആവശ്യപ്പെട്ടു. ഇസ്ലാമിക ഭീകരവാദത്തിനെതിരേ ഇന്ത്യയും അമേരിക്കയും ശക്തമായ നടപടികളാണ് എടുക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.