അഹമ്മദാബാദ്: സബർമതി ആശ്രമം സന്ദർശിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മഹാത്മാഗാന്ധിയെ അനുസ്മരിക്കാൻ മറന്നു. സാധാരണ സബർമതി ആശ്രമം സന്ദർശിക്കുന്നവർ മഹാത്മാഗാന്ധിയെ കുറിച്ചും ആശ്രമത്തെക്കുറിച്ചുമാണ് സന്ദർശക ബുക്കിൽ അഭിപ്രായം കുറിക്കുന്നത്. രാഷ്ട്രപിതാവിനെക്കുറിച്ച് ഒന്നും പരാമർശിക്കാതെ വമ്പുകാരനായ ട്രംപ് പ്രധാനമന്ത്രി മോദിയ്ക്ക് നന്ദി പറയുകയായിരുന്നു സന്ദർശക ബുക്കിൽ.
‘എന്റെ മഹത്തായ സുഹൃത്ത് പ്രധാനമന്ത്രി മോദിക്ക് വിസ്മയ സന്ദർശനമൊരുക്കിയതിന് നന്ദി’ ഇതാണ് ട്രംപ് സബർമതി ആശ്രമത്തിലെ സന്ദർശക ബുക്കിലെഴുതിയത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഈറ്റില്ലമായ സബർമതി പുങ്കൻ ട്രംപ്രിന് വെറുമൊരു ഇടത്താവളമായി.
അഹമ്മദാബാദ് വിമാനത്താവളത്തിൽ രാവിലെ 11.40 ന് എത്തിയ ട്രംപും കുടുംബവും റോഡ് ഷോ ആയി നേരെ സബർമതി ആശ്രമത്തിലേക്കാണ് ആദ്യം എത്തിയത്.
ആശ്രമത്തിലെത്തിയ ട്രംപ് മോദിക്കൊപ്പം ഗാന്ധിജിയുടെ ചിത്രത്തിൽ മാലചാർത്തി. ആശ്രമത്തിലെ ചർക്കയിൽ ഭാര്യ മെലാനിയക്കൊപ്പം നൂൽ നൂൽക്കുകയും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു.
സന്ദർശന ശേഷം റോഡ് ഷോയിൽ മോദിക്കൊപ്പം അദ്ദേഹം മൊട്ടേര സ്റ്റേഡയത്തിലേക്ക് പോകുകയായിരുന്നു.