ന്യൂഡെൽഹി: ഡൽഹിയിൽ കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന സംഘർഷത്തിന് അയവില്ല.സംഘർഷം ചിലയിടങ്ങളിൽ തുറന്ന ഏറ്റുമുട്ടലിലേക്ക് നീങ്ങുകയാണ്. ഇന്ന് രാവിലെ കബീർ നഗറിലും മൗജ്പൂരിലും ബ്രഹ്മപുരിയിലും വീണ്ടും കല്ലേറുണ്ടായി. കഴിഞ്ഞ രണ്ടുദിവസമായി തുടരുന്ന സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടു പേർ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം ഏഴായി. ഒരു പോലീസ് ഉദ്യോഗസ്ഥനും ആറ് സിവിലിയൻമാരുമാണ് മരിച്ചത്. 100 ൽ ഏറെപേർക്കു പരിക്കേറ്റിട്ടുണ്ട്.
ഹെഡ് കോണ്സ്റ്റബിളായ രത്തൻ ലാലാണ് മരിച്ചത്. ഇദ്ദേഹത്തിനു കല്ലേറിലാണ് പരിക്കേറ്റത്. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അമിത് ശർമയ്ക്കും പരിക്കേറ്റിട്ടുണ്ട്. ക്രമസമാധാനം സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ കഴിയാത്തതിനാൽ ജനങ്ങൾ ആശങ്കയിലാണ്.
പലയിടങ്ങളിലും പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും പ്രതിഷേധിക്കുന്നവരും ചേരിതിരിഞ്ഞ് കല്ലേറ് നടത്തുകയായിരുന്നു.
സംഘർഷങ്ങൾക്കിടെ ഗോകുൽപുരി മെട്രോ സ്റ്റേഷനു സമീപമുള്ള ടയർ മാർക്കറ്റിൽ തീപിടിത്തമുണ്ടായി. ഇന്നലെ രാത്രിയാണ് സംഭവം. പത്ത് അഗ്നിശമന യൂണിറ്റുകൾ സംഭവസ്ഥലത്തെത്തി തീയണക്കുകയായിരുന്നു. ടയർ മാർക്കറ്റിനും അക്രമികൾ തീയിട്ടതാകാം എന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വടക്കു കിഴക്കൻ ഡൽഹിയിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജാഫറാബാദ്, മൗജ്പുർ-ബാബർപുർ, ഗോകുൽപുരി, ജോഹ്രി എൻക്ലേവ് മെട്രോ സ്റ്റേഷനുകളും അടച്ചിട്ടു. ഇന്ന് വിദ്യാഭ്യാസ സ്ഥാപന്നങ്ങൾക്ക് സർക്കാർ അവധി തൽകിയിരിക്കയാണ്.