പ്രിയനെയും പ്രിയ നാടും കാണാൻ ട്രംപ് നാളെയെത്തും

വാഷിംഗ്ടൺ: ഭാരത സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും യാത്ര തിരിച്ചു. മേരിലാൻഡിലെ ആൻഡ്രൂസ് എയർഫോഴ്സ് ബേസിൽനിന്നാണ് എയർ ഫോഴ്സ് നമ്പർ-1 ൽ ഇവർ പുറപ്പെട്ടത്.

ഇന്ത്യയിലെത്താൻ കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ നല്ല സുഹൃത്താണെന്നും പുറപ്പെടുന്നതിനു മുമ്പായി ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഭാര്യ മെലാനിയയെ കൂടാതെ മകൾ ഇവാൻക ട്രംപും ഇവാൻകയുടെ ഭർത്താവ് ജെറാദ് കുഷ്നറും ട്രംപിനൊപ്പമുണ്ട്. 24,25 തിയതികളിലായി 36 മണിക്കൂർ സന്ദർശനമാണ് ട്രംപിന്റേത്. നാളെ ഉച്ചയോടെ അഹമ്മദാബാദിൽ ട്രംപ് വിമാനം ഇറങ്ങും.

അഹമ്മദാബാദിലെ നമസ്തേ ട്രംപ് പരിപാടി, ആഗ്രയിൽ ടാജ്മഹൽ സന്ദർശനം, ഡൽഹിയിൽ നയതന്ത്രചർച്ച എന്നിവയാണ് സന്ദർശനത്തിലെ പ്രധാനപരിപാടികൾ.ട്രംപിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് വിപുലമായ ഒരുക്കങ്ങളാണ് ഗുജറാത്ത്, യു പി,കേന്ദ്രസർക്കാരുകൾ നടത്തിയിരിക്കുന്നത്.