പ്രവാസി വോട്ടവകാശം: ഏപ്രിലില്‍ തീര്‍പ്പാക്കാമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഏപ്രിലിൽ അന്തിമ വാദം കേട്ട് തീർപ്പാക്കാമെന്ന് സുപ്രീ കോടതി വ്യക്തമാക്കി. പ്രമുഖ വ്യവസായി ഡോ.ഷംസീർ വയലിൽ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

പ്രവാസി വോട്ടവകാശം ഉറപ്പാക്കാൻ കേന്ദ്രസർക്കാർ 2018 ഓഗസ്റ്റിൽ ബില്ല് പാസാക്കിയിരുന്നു. എന്നാൽ രാജ്യസഭ പാസാക്കാത്തതിനാൽ ബില്ല് അസാധു ആയിരുന്നു. ഹർജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകൻ ഹാരിസ് ബീരാൻ ഇക്കാര്യം കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതേത്തുടർന്നാണ് ജസ്റ്റിസുമാരായ ദീപക് ഗുപ്തയും അനിരുദ്ധ ബോസും അടങ്ങുന്ന ബെഞ്ച് ഏപ്രിലിൽ അന്തിമ വാദം കേട്ട് തീർപ്പാക്കാമെന്ന് അറിയിച്ചത്.
വിദേശ രാജ്യങ്ങളിൽ ജോലിചെയ്യുന്നവർക്കു പുറമെ സ്വന്തം സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നവർക്കും വോട്ടവകാശം ഉറപ്പാക്കണമെന്നും ഹർജിക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് അനുകൂല സമീപനമാണെന്നാണ് സൂചന. അഡീഷണൽ സോളിസിറ്റർ ജനറൽ ആത്മാറാം നദ്കർണി ഈ ആവശ്യങ്ങളിലുള്ള നിലപാട് വ്യക്തമാക്കിയില്ല.
2014ൽ ആണ് പ്രവാസി വോട്ടവകാശം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ഷംസീർ വയലിൽ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.