ട്രംപിനായി ചേരികളിൽ കുടിഒഴിപ്പിക്കലും

അഹമ്മദാബാദ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശന ദിവസങ്ങൾ അടുത്തതോടെ ചേരി നിവാസികളെ കൂട്ടത്തോടെ ഒഴിപ്പിക്കുന്നു.

ട്രംപും മോദിയും ചേർന്ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന മോട്ടേറ സ്റ്റേഡിയത്തിന്റെ സമീപത്തുള്ള ചേരിയിൽ താമസിക്കുന്നവർക്കാണ് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയത്. നമസ്തേ ട്രംപ് എന്ന സൗഹ്യദപരിപാടിക്കും വേദിയാകുന്നത് ഈ സ്റ്റേഡിയമാണ്.

ചേരി നിവാസികളായ ഇരുനൂറോളം പേർക്കാണ് കുടിയൊഴിപ്പിക്കൽ നോട്ടീസ് ലഭിച്ചിരിക്കുന്നത്.ഇരുപത് വർഷത്തിലധികമായി ഇവിടെ താമസക്കാരായ നിർമാണത്തൊഴിലാളികളാണ് ഇവർ.ഉടൻ താമസസ്ഥലം വിട്ടുപോകണമെന്നാണ് അന്ത്യശാസനമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബിജെപി ഭരിക്കുന്ന അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷൻ അധികൃതർ നേരിട്ടെത്തിയാണ് താക്കീത് നൽകിയതെന്ന് ചേരിനിവാസികൾ പറയുന്നു. അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശനത്തിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ പറഞ്ഞതായി ഇവർ മാധ്യമങ്ങളോട് പറഞ്ഞു.

മോട്ടേറ സ്റ്റേഡിയത്തിന് 1.5 കിലോമീറ്റർ അകലെയാണ് ഈ ചേരി. സ്റ്റേഡിയത്തിലേക്കുള്ള വിസാത്- ഗാന്ധിനഗർ ഹൈവേയുടെ സമീപമുള്ള ചേരിയിൽ 64 കുടുംബങ്ങളാണ് ഉള്ളത്. ഇതിൽ 45 കുടുംബങ്ങൾക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഓരോ കുടുംബത്തിലും നാലോ അതിലധികമോ അംഗങ്ങളുണ്ട്. ചുരുങ്ങിയ സമയംകൊണ്ട് എവിടേയ്ക്ക് താമസം മാറുമെന്ന ആശങ്കയിലാണ് തങ്ങളെന്ന് ചേരിനിവാസികൾ പറയുന്നു.

ഒരാഴ്ച മുമ്പത്തെ തിയതി വച്ചുള്ള നോട്ടീസ് ഇന്നലെയാണ് ചേരിനിവാസികൾക്ക് നൽകിയത്. 24 മണിക്കൂറിനകം ഒഴിയണമെന്നാണ് ഇതിൽ പറയുന്നത്.

അതേസമയം, ചേരി നിവാസികൾക്ക് നോട്ടീസ് നൽകിയതിന് ട്രംപിന്റെ സന്ദർശനവുമായി ബന്ധമില്ലെന്ന് കോർപറേഷൻ അധികൃതർ പറയുന്നു. കോർപറേഷന്റെ നഗരാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുന്ന സ്ഥലത്താണ് ചേരി സ്ഥിതിചെയ്യുന്നതെന്നും ചേരിനിവാസികൾ അവിടെ അതിക്രമിച്ചു കടന്ന് താമസമുറപ്പിച്ചതാണെന്നുമാണ് കോർപറേഷന്റെ നിലപാട്. ട്രംപ് കടന്നു പോകുന്ന പാതയിലെ ചേരികൾ വൻമതിൽ തീർത്തത് വിവാദമായതിന് പിന്നാലെയാണ് കുടിയൊഴിപ്പിക്കൽ.