ഗോഹട്ടി: ആസാമിൽ നദിക്കു സമീപം കടന്നു പോകുന്ന ക്രൂഡ് ഓയിൽ പൈപ്പ് പൊട്ടിയതിനെ തുടർന്ന് നദിയിൽ തീപിടിത്തം. ദിബ്രുഗഡ് ജില്ലയിലെ ബുർഹി ഡിഹിംഗ് നദിയിലാണു തീപിടിത്തമുണ്ടായത്.
കഴിഞ്ഞ രണ്ടു ദിവസമായി നദി കത്തുകയാണ്. അപ്പർ ആസാം മേഖലയിലെ എണ്ണപ്പാടങ്ങളിൽനിന്ന് എണ്ണ ശേഖരിച്ചു പ്രധാന കേന്ദ്രത്തിലേക്ക് എത്തിക്കുന്ന പൈപ്പ് ലൈനിലാണു ചോർച്ചയുണ്ടായത്. അസംസ്കൃത എണ്ണ നദിയിലേക്ക് ഒഴുകിയതിനെത്തുടർന്ന് ആളുകൾ തീ കത്തിച്ചതാകാം നദിക്ക് തീപിടിക്കാൻ കാരണമെന്നും ഓയിൽ ഇന്ത്യ അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു.
തീ നിയന്ത്രണവിധേയമാണെന്നും പരിഹരിക്കാൻ വിദഗ്ധരുടെ സംഘം സ്ഥലത്തെത്തിയെന്നും അധികൃതർ അറിയിച്ചു. തീ പിടിത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാകാമെന്ന ആശങ്ക പടർന്നിട്ടുണ്ട്.