നിര്‍ഭയ പ്രതിയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി; വധശിക്ഷ നീളും

ന്യൂഡെൽഹി: നിർഭയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിനയ് ശർമ്മ സമർപ്പിച്ച ദയാ ഹർജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി.

കേസിൽ രണ്ടാമത്തെ പ്രതിയുടെ ദയാഹർജിയാണ് രാഷ്ട്രപതി തള്ളുന്നത് മറ്റൊരു പ്രതിയായ മുകേഷ് കുമാർ സിങിന്റെ ദയാ ഹർജി രാഷ്ട്രപതി നേരത്തെ തള്ളിയിരുന്നു.എന്നാൽ വധശിക്ഷ നടപ്പാക്കാൻ ഇനിയും നീളുമെന്ന് സൂചന.

കേസിലെ നാല് പ്രതികളുടേയും വധശിക്ഷ ഇന്ന് നടപ്പാക്കാൻ മരണ വാറണ്ട് ഉണ്ടായിരുന്നു. എന്നാൽ എന്നാൽ പ്രതികളെ തൂക്കിലേറ്റാനുള്ള വാറണ്ട് ഡൽഹി പാട്യാല കോടതി സ്റ്റേ വെള്ളിയാഴ്ച സ്റ്റേ ചെയ്യുകയുണ്ടായി. വിനയ് ശർമ്മയുടെ ദയാ ഹർജിയിൽ തീരുമാനം ആകാഞ്ഞതിനെ തുടർന്നായിരുന്നു ഇത്. ഹർജി രാഷ്ട്രപതി തള്ളിയാലും 14 ദിവസം വരെ ശിക്ഷ നടപ്പിലാക്കാൻ പാടില്ലെന്നാണ് ചട്ടം.

വധശിക്ഷ പരമാവധി നീട്ടാനാണ് പ്രതികളുടെ അഭിഭാഷകരുടെ ശ്രമം. മറ്റു രണ്ടു പ്രതികളായ അക്ഷയ് കുമാറും പവൻ ഗുപ്തയും ഇനി ദയാ ഹർജി നൽകുമെന്നറിയുന്നു. പ്രതികളുടെ ശിക്ഷ നടപ്പിലാക്കുന്നത് നീട്ടുകയാണ് ഇവർ ഓരോരുത്തരായി ദയാഹർജി നൽകുന്നതിന് പിന്നിലെ രഹസ്യം.

ആരുടെയെങ്കിലും അപേക്ഷ തീർപ്പാവാതെയുണ്ടെങ്കിൽ ആരെയും തൂക്കിലേറ്റാനാവില്ലെന്ന ഡൽഹി ജയിൽച്ചട്ടത്തിന്റെ മറവിലാണ് പ്രതികളുടെ നാടകം.

ഇതിനോടകം തിരുത്തൽ ഹർജിയും ദയാ ഹർജിയുമടക്കം തള്ളിയ മുകേഷ് സിങിന് ഇനി മറ്റൊരു അവസരമില്ല. വിനയ് ശർമ്മയ്ക്ക് വീണ്ടും കോടതിയെ സമീപിക്കാം. അതേ സമയം പ്രതികളുടെ ശിക്ഷ നീളുന്നതിൽ നിർഭയയുടെ മാതാവ് സങ്കടവും നിരാശയും രേഖപ്പെടുത്തിയിട്ടുണ്ട്.

സാങ്കേതികത്വത്തിന്റെ മറവിൽ പ്രതികളുടെ ശിക്ഷ നീട്ടിയാലും മാർച്ചിലെങ്കിലും ഇവരുടെ ശിക്ഷ നടപ്പാക്കാനാകുമെന്ന് നിയമ വിദഗ്ധർ പറയുന്നു.