നിര്‍ഭയ പ്രതികളെ നാളെ തൂക്കിലേറ്റില്ല; മരണ വാറണ്ടിന് സ്‌റ്റേ

ന്യൂഡെൽഹി: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നാളെ നടക്കില്ല. പ്രതികളെ തൂക്കിലേറ്റാനുള്ള വിധി പട്യാല ഹൗസ് കോടതി സ്റ്റേ ചെയ്തു. രാജ്യത്തെ നടുക്കിയ കേസിൽ വിധി നടപ്പാകാൻ മണിക്കൂറുകൾ ബാക്കിനിൽക്കെയാണ് കോടതിയുടെ നിർണായകമായ സ്റ്റേ.

കേസിലെ നാല് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ നീട്ടിവെച്ചിരിക്കുന്നു എന്ന ഉത്തരവ് ജസ്റ്റിസ് ധർമേന്ദറാ ണ് തുറന്ന കോടതിയിൽ വിധി വായിച്ചത്.

നാളെ നടത്താൻ നിശ്ചയിച്ചിരിക്കുന്ന വധശിക്ഷ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ അക്ഷയ് കുമാർ, വിനയ് ശർമ എന്നിവരാണ് ഹർജി നൽകിയത്. തങ്ങളുടെ ദയാഹർജിയിൽ രാഷ്ട്രപതി ഇതുവരെയും തീരുമാനമെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും പട്യാല ഹൗസ് കോടതിയെ സമീപിച്ചത്. കോടതി വിശദമായ വാദം കേട്ടിരുന്നു. ദയാഹർജിയിൽ രാഷ്ട്രപതി തീരുമാനമെടുത്തില്ല. തിരുത്തൽ ഹർജി തള്ളിയതിന് ശേഷം 14 ദിവസത്തിന് ശേഷമേ വിധി നടപ്പിലാക്കാവൂ എന്ന ജയിൽച്ചട്ടം ലംഘിച്ചു എന്നതടക്കം വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പുള്ള നിയമപരമായ അവകാശങ്ങൾ പ്രതികൾക്ക് ലഭിച്ചില്ലെന്നായിരുന്നു ഇവരുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.
വൈകുന്നേരത്തോടെയാണ് വിധി ഉണ്ടായത്.

നാളെ രാവിലെ ആറിന് പ്രതികളെ നാലു പേരെയും ഒന്നിച്ച് തൂക്കിലേറ്റണമെന്നായിരുന്നു മരണവാറണ്ട്. ശിക്ഷ നടപ്പിലാക്കുന്നതിന്റെ ഭാഗമായി തിഹാർ ജയിലിൽ ഇന്ന് ഡമ്മികളെ തൂക്കിലേറ്റിയിരുന്നു.
കേസിലെ മറ്റൊരു പ്രതിയായ പവൻ കുമാർ ഗുപ്ത നൽകിയ പുനഃപരിശോധന ഹർജി സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. ജനുവരി 22 ന് രാവിലെ ഏഴിന് നാലു പ്രതികളുടെയും വധശിക്ഷ നടപ്പാക്കാനായിരുന്നു ആദ്യ തീരുമാനം. പ്രതികളിലൊരാൾ രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ചതിനാൽ വിധി നടപ്പാക്കുന്നത് കോടതി നീട്ടിയിരുന്നു. പിന്നീടാണ് നാളേക്ക് ഇവരുടെ മരണവാറന്റ് പുറപ്പെടുവിച്ചത്. ഇപ്പോഴത്തെ
ദയാഹർജിയിൽ രാഷ്ട്രപതി തീരുമാനമെടുത്താൽ വീണ്ടും പ്രതികൾ കോടതിയെ സമീപിച്ച് ശിക്ഷ നീട്ടാൻ ശ്രമിക്കുമെന്ന് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നു.