ഇന്ത്യയിലായിരുന്നെങ്കില്‍ നൊബേല്‍ സമ്മാനം കിട്ടില്ലായിരുന്നു:അഭിജിത്

ജയ്പുർ: ഇന്ത്യയിലാണ് താനിപ്പോൾ ജീവിച്ചിരുന്നതെങ്കിൽ നൊബേൽ സമ്മാന ജേതാവാ കിട്ടില്ലായിരുന്നുവെന്ന് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ അഭിജിത് ബാനർജി.
അമേരിക്കയിലെ മസാച്ചുസെറ്റ്സ് ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയിൽ അധ്യാപകനായ അഭിജിത് ബാനർജിജയ്പുർ ലിറ്ററേച്ചർ ഫെസ്റ്റിവലിലാണ് മനസ്സ് തുറന്നത്.

ഒരാൾക്ക് ഒറ്റയ്ക്ക് നേടാവുന്നതല്ല നൊബേൽ പോലുള്ള അംഗീകാരം. ലോകത്തിലെ ഏറ്റവും മികച്ച ഗവേഷണ വിദ്യാർഥികളുള്ള എംഐടിയിൽ പ്രവർത്തിച്ചത് നേട്ടത്തിന് സഹായകമായി. വിദ്യാർഥികളും സഹപ്രവർത്തകരും സുഹൃത്തുക്കളുമാണ് തന്റെ അംഗീകാരത്തിന് കാരണക്കാരെന്നും അഭിജിത് ബാനർജി പറഞ്ഞു.

പ്രാഗൽഭ്യമുള്ളവർ കുറവായതിനാലല്ല മറിച്ച് നേട്ടങ്ങളിലേക്ക് നയിക്കുന്ന തരത്തിലുള്ള കൂട്ടായ്മയുടെ അഭാവമാണ് നൊബേൽ പുരസ്ക്കാരങ്ങൾ ഇന്ത്യാക്കാർക്ക് ലഭിക്കാത്തതിന് കാരണം.

ഏകാധിപത്യഭരണവും സാമ്പത്തികപുരോഗതിയും തമ്മിൽ ബന്ധമില്ലെന്നും മുപ്പത് കൊല്ലത്തിനിടെ ഇന്ത്യയിൽ ദരിദ്രരുടെ എണ്ണം കുറഞ്ഞതായും അഭിജിത് ബാനർജി പറഞ്ഞു. ബാങ്കിങ് മേഖല അഭിമുഖീകരിക്കുന്ന തകർച്ചയെ അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയിൽ കാര്യക്ഷമതയുള്ള പ്രതിപക്ഷം ആവശ്യമാണെന്നും പ്രതിപക്ഷവിമർശനങ്ങളെ ഭരണപക്ഷം സ്വാഗതം ചെയ്യേണ്ടത് ജനാധിപത്യവ്യവസ്ഥയ്ക്ക് അത്യാവശ്യമാണെന്നും അഭിജിത് പറഞ്ഞു.