ജയ്പുർ: പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജസ്ഥാൻ നിയമസഭയും പ്രമേയം പാസാക്കി. വരും ദിവസങ്ങളിൽ കൂടുതൽ സംസ്ഥാനങ്ങൾ പ്രമേയം പാസാക്കുമെന്നാണ് സൂചന. മധ്യ പ്രദേശും പ്രമേയം അവതരിപ്പിക്കും. നടപ്പ് സമ്മേളനത്തില്‍ സിഎഎക്കെതിരായ പ്രമേയം സഭയിൽ പാസാക്കുമെന്ന് ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പൗരത്വ നിയമത്തിനെതിരായി പ്രമേയം പാസാക്കണമെന്ന് നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗം വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. കേരളമാണ് പൗരത്വ നിയമ ഭേദദതിക്കെതിരേ ആദ്യം പ്രമേയം പാസാക്കിയത്. പഞ്ചാബും പ്രമേയം പാസാക്കിയിട്ടുണ്ട്.
കേന്ദ്ര സർക്കാരിനു മേൽ സമ്മർദ്ദം ചെലുത്താൻ കൂടുതൽ സംസ്ഥാനങ്ങളെ ഒന്നിച്ചണി നിരത്താനാണ് യുപിഎ ആലോചിക്കുന്നത്.