ന്യൂഡല്‍ഹി: ജവര്‍ഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ അതിക്രമിച്ചു കയറി വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്നു പേരെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലീസ്.
കൃത്യമായ ആസൂത്രണത്തോടെയാണ് അക്രമികള്‍ എത്തിയതെന്നും കാമ്ബസിനകത്തുനിന്ന് ഇവര്‍ക്ക് സഹായം ലഭിച്ചതായും പോലീസ് പറയുന്നു. എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തില്ല.
കാമ്ബസിനുള്ളില്‍ അതിക്രമിച്ചുകയറിയ മുഖംമൂടി ധാരികളായ മൂന്നുപേരെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചു എന്നാണ് പോലീസ് പറയുന്നത്.
സംഘത്തില്‍ വനിത ഉള്‍പ്പെടെയുണ്ട് എന്നും പോലീസ് പറയുന്നു. എന്നാല്‍ ഇവര്‍ ആരാണെന്നതു സംബന്ധിച്ചോ ഏതു സംഘടനയില്‍പ്പെട്ടവരാണെന്നോ ഉള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
ആരെയും കസ്റ്റഡിയിലെടുക്കാനോ അറസ്റ്റ് ചെയ്യാനോ പോലീസ് തയ്യാറായിട്ടില്ല.
തനിക്കെതിരെ വധശ്രമമാണ് നടന്നതെന്ന് വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് ഐഷി ഘോഷ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അക്രമികളില്‍ ഒരാള്‍ സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് ഡീനാണെന്നും മറ്റുചിലര്‍ എ.ബി.വി.പി. പ്രവര്‍ത്തകരാണെന്നും വസന്ത്കുഞ്ച് നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പറയുന്നു.
ശരിയായ അന്വേഷണം നടക്കുന്നില്ലെന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കിയത് ഇതിനിടെ, അക്രമത്തിന്റെ ഉത്തരവാദിത്വം ഹിന്ദു രക്ഷാ ദള്‍ എന്ന തീവ്ര വലത് സംഘടന ഏറ്റെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികളെ തിരിച്ചറിഞ്ഞു എന്ന വാദവുമായി പോലീസ് രംഗത്തെത്തിയത്.