വാങ്ങാനാളില്ലെങ്കില്‍ എയര്‍ ഇന്ത്യ ആറ് മാസത്തിനുള്ളില്‍ അടച്ചു പൂട്ടും

ന്യൂഡല്‍ഹി: വാങ്ങാന്‍ ആളെ കിട്ടിയില്ലെങ്കില്‍ പൊതുമേഖലാ വിമാന കമ്ബനിയായ എയര്‍ ഇന്ത്യ അടുത്ത ജൂണ്‍ മാസത്തോടെ അടച്ച്‌ പൂട്ടേണ്ടി വരുമെന്ന് അധികൃതര്‍. താത്കാലിക നടപടികള്‍ക്കൊണ്ട് കൂടുതല്‍ കാലം നീട്ടിക്കൊണ്ട് പോകാന്‍ സാധിക്കില്ലെന്നും ഒരു മുതിര്‍ന്ന എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

‘എയര്‍ ഇന്ത്യക്ക് നിലവില്‍ ഏകദേശം 60,000 കോടി രൂപയുടെ കടബാധ്യതയുണ്ട്, ഓഹരി വിറ്റഴിക്കലിനുള്ള നടപടികള്‍ സര്‍ക്കാര്‍ എടുത്തിട്ടുണ്ടെങ്കിലും തണുത്ത പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വാങ്ങാന്‍ ആളില്ലെങ്കില്‍ അടുത്ത വര്‍ഷം ജൂണോട് കൂടി ജെറ്റ് എയര്‍വെയ്‌സിന് സംഭവിച്ചത് പോലെ എയര്‍ ഇന്ത്യക്കും അടച്ചു പൂട്ടലിലേക്ക് കടക്കേണ്ടി വരും’ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സ്വകാര്യവത്കരണ പദ്ധതികള്‍ക്കിടയില്‍ ഫണ്ട് ഇറക്കാന്‍ വിസമ്മതിച്ച സര്‍ക്കാര്‍ എയര്‍ ഇന്ത്യയെ കടക്കെണിയില്‍ നിന്ന് സ്വയം മുക്തമാകാന്‍ വിട്ടിരിക്കുകയാണ്. എന്നാല്‍ ദീര്‍ഘനാളത്തേക്ക് അങ്ങനെ കൊണ്ട് പോകാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

2011-12 സാമ്ബത്തിക വര്‍ഷം മുതല്‍ ഈ വര്‍ഷം ഡിസംബര്‍ വരെ എയര്‍ഇന്ത്യയില്‍ 30,520.21 കോടി രൂപയുടെ ഫണ്ട് നിക്ഷേപിച്ചതായി സര്‍ക്കാര്‍ പറയുന്നു. 2012-ല്‍ യുപിഎ സര്‍ക്കാര്‍ 10 വര്‍ഷത്തെ കാലയളവില്‍ 30,000 കോടി രൂപയുടെ ധനസഹായം എയര്‍ഇന്ത്യക്ക് ലഭ്യമാക്കിയിരുന്നു.

‘പ്രവര്‍ത്തന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 2,400 കോടി രൂപയുടെ സോവറിന്‍ ഗ്യാരന്റിക്ക്(ഉറപ്പ്) ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 500 കോടി രൂപയ്ക്ക് മാത്രമാണ് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കിയിരിക്കുന്നത്. നിലവിലെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഞങ്ങളാണ്. ജൂണ്‍ വരെ ഈ അവസ്ഥയില്‍ പോകും. ഈ സമയത്തിനുള്ളില്‍ വാങ്ങാന്‍ വന്നില്ലെങ്കില്‍ ഞങ്ങള്‍ക്ക് അടച്ച്‌ പൂട്ടേണ്ടി വരും’ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

2018-19 ല്‍ 8,556.35 കോടി രൂപയാണ് എയര്‍ഇന്ത്യയുടെ നഷ്ടമായി കണക്കാക്കപ്പെടുന്നത്. ഇത് കൂടാതെയാണ് 60,000കോടി രൂപയുടെ കടബാധ്യത.