പൗരത്വ ഭേദഗതി നിയമം : കേന്ദ്രസര്‍ക്കാരിന്‌ സുപ്രീംകോടതി നോട്ടീസ്

ഭരണഘടനാവിരുദ്ധമായ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന്‌ സുപ്രീംകോടതി നോട്ടീസ്‌. നിയമം സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച ചീഫ്‌ ജസ്റ്റിസ്‌ എസ്‌ എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച്‌, ജനുവരി രണ്ടാം വാരത്തിനുള്ളില്‍ നിലപാട്‌ വ്യക്തമാക്കാന്‍ നിര്‍ദേശിച്ചാണ്‌ നോട്ടീസ്‌ അയച്ചത്‌. ജനുവരി 22ന്‌ കേസ്‌ വീണ്ടും പരിഗണിക്കും. നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന്‌ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പരസ്യങ്ങള്‍ നല്‍കാവുന്നതാണെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ നിര്‍ദേശിച്ചു. കോടതി നിര്‍ദേശം സര്‍ക്കാര്‍ തീര്‍ച്ചയായും പരിഗണിക്കുമെന്ന്‌ അറ്റോര്‍ണിജനറല്‍ കെ കെ വേണുഗോപാല്‍ പറഞ്ഞു.

വിദ്യാര്‍ഥികളും രാഷ്ട്രീയപാര്‍ടികളും സാമൂഹ്യപ്രവര്‍ത്തകരും ധൈഷണികരും ഉള്‍പ്പെടെ വിവിധകക്ഷികള്‍ സമര്‍പ്പിച്ച 59 ഹര്‍ജികളാണ്‌ ക്രിസ്‌മസ്‌ അവധിക്ക്‌ മുമ്ബുള്ള അവസാന പ്രവൃത്തിദിനമായ ബുധനാഴ്‌ച പരിഗണിച്ചത്‌. ജനുവരി 22ന്‌ ഹര്‍ജികളില്‍ വാദംകേള്‍ക്കാമെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ അറിയിച്ചു. അടിയന്തരപ്രാധാന്യമുള്ള വിഷയമായതിനാല്‍ ഉടന്‍ പരിഗണിക്കണമെന്നും വിവാദനിയമം സ്‌റ്റേ ചെയ്യണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടു. നിയമം നിലവില്‍വന്നാല്‍ അത്‌ സ്‌റ്റേ ചെയ്യാനാകില്ലെന്ന്‌ സുപ്രീംകോടതിയുടെ വിധിന്യായങ്ങളുണ്ടെന്ന്‌ എജി വാദിച്ചു.

ചട്ടങ്ങള്‍ രൂപീകരിച്ചിട്ടില്ലാത്തതിനാല്‍ നിയമം പ്രാബല്യത്തില്‍ വന്നിട്ടില്ലെന്ന്‌ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ്‌ ധവാന്‍ പ്രതികരിച്ചു. അഭിഭാഷകര്‍ ബഹളമുണ്ടാക്കരുതെന്നും സംയമനം പാലിക്കണമെന്നും ചീഫ്‌ ജസ്‌റ്റിസ്‌ ആവശ്യപ്പെട്ടു. ബുധനാഴ്‌ച കേസില്‍ വാദംകേള്‍ക്കാന്‍ പോകുന്നില്ലെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ നിലപാട്‌ എടുത്തതോടെ അഭിഭാഷകര്‍ പിരിഞ്ഞു.