ചരിത്ര വിധികള്‍ പ്രഖ്യാപിച്ച ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിക്ക് ഇന്ന് അവസാന പ്രവൃത്തി ദിനം!

ന്യൂഡല്‍ഹി; സുപ്രധാ കേസുകള്‍ വിധി പുറപ്പെടുവിച്ചതിന് പിന്നാലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഞായറാഴ്ച വിരമിക്കും. ഇന്ന് അദ്ദേഹത്തിന്റെ അവസാന പ്രവര്‍ത്തി ദിനമാണ്. വൈകീട്ട് സുപ്രീംകോടതി അങ്കണത്തില്‍ ജസ്റ്റിസ് ഗൊഗോയിക്ക് യാത്രയയപ്പ് നല്‍കും. വന്‍ കോളിളക്കം സൃഷ്ടിച്ച അയോദ്ധ്യ, ശബരിമല കേസുകളില്‍ തീര്‍പ്പു കല്‍പ്പിച്ച ശേഷമാണ് ഇന്ത്യയുടെ 46ാം ചീഫ് ജസ്റ്റിസായിരുന്ന ഗൊഗോയുടെ പടിയിറക്കം.

കേസുകള്‍ വിഭജിക്കുന്നതിലെ അപാകത ഉയര്‍ത്തി ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയുടെ കാലത്ത് കോടതി നടപടികള്‍ നിര്‍ത്തിവെച്ച്‌ പരസ്യപ്രതിഷേധത്തിന് ഇറങ്ങിയ ജഡ്ജിമാരില്‍ പ്രമുഖനായിരുന്നു ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്.ദീപക് മിശ്രയുടെ പകരക്കാരനായി 2018 ഒക്ടോര്‍ മൂന്നിനാണ് ഗൊഗോയ് അധികാരമേറ്റത്. അസമുകാരനായ ഗൊഗോയ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നു രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്ന ആദ്യ വ്യക്തിയാണ്. ശരദ് അരവിന്ദ് ബോബ്‌ഡെയാണ് ഗൊഗോയ്ക്ക് പകരക്കാരനായി ചീഫ് ജസ്റ്റിസ് സ്ഥാനത്തെത്തുക