ഐ.ഐ.ടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവം; കേന്ദ്ര ക്രൈംബ്രാഞ്ച് അന്വേഷിക്കും

ചെന്നൈ: ഐ.ഐ.ടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവം കേന്ദ്ര ക്രൈംബ്രാഞ്ച് അന്വേഷിക്കും. ചെന്നൈ സിറ്റി പൊലീസ് കമ്മിഷണര്‍ എ.കെ. വിശ്വനാഥന്റെ നേതൃത്വത്തില്‍ ഐ.ഐ.ടി കാമ്ബസ് സന്ദര്‍ശിച്ച്‌ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയിരുന്നു. തുടരന്വേഷണം കൊട്ടൂര്‍പൂരം പൊലീസില്‍ നിന്ന് കേന്ദ്ര ക്രൈംബ്രാഞ്ചിന് കൈമാറിഅഡി. പൊലീസ് കമ്മിഷണര്‍ സി. രാമമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. അസി. കമ്മിഷണര്‍ എസ്. പ്രഭാകരന്‍, അഡി. ഡെപ്യൂട്ടി കമ്മിഷണറും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക ഒാഫീസറുമായ മേഘലിന,​ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടാവും.  അന്വേഷണത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഫാത്തിമയുടെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെയും കണ്ടിരുന്നു. എം.എ ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിനി ഫാത്തിമയെ കഴിഞ്ഞ ശനിയാഴ്ചയാണ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്.

അദ്ധ്യാപകനായ സുദര്‍ശന്‍ പത്മനാഭന്‍ അടക്കമുള്ള ഫാക്കല്‍ട്ടി അംഗങ്ങള്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും മതപരമായ വേര്‍തിരിവ് പ്രകടമാക്കിയിരുന്നുവെന്നും ഫാത്തിമയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു. ഫാത്തിമയുടെ ഫോണില്‍ നിന്നാണ് തങ്ങള്‍ക്ക് ഈ വിവരങ്ങള്‍ ലഭിച്ചതെന്നും അവര്‍ പറഞ്ഞു.