ഇസ്തംബുൾ: യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഇസ്തംബുൾ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് തിങ്കളാഴ്ച അടച്ചു. മഞ്ഞുവീഴ്ചയിൽ വിമാനത്താവളത്തിലെ കാർഗോ ടെർമിനല്‍ തകർന്നുവീണു. ആർക്കും പരുക്കേറ്റിട്ടില്ല.
മിഡിൽ ഈസ്റ്റിൽനിന്നും ആഫ്രിക്കയിൽനിന്നും യൂറോപ്പിലേക്കും ഏഷ്യയിലേക്കുമുള്ള വിമാനങ്ങൾ വിമാനത്താവളത്തിൽ നിരന്നു കിടക്കുകയാണ്. ഇസ്തംബുൾ വിമാനത്താവളത്തിലൂടെ കഴിഞ്ഞ വർഷം 37 ദശലക്ഷത്തിലധികം യാത്രക്കാരാണ് കടന്നുപോയത്.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എയർ ഹബ്ബുകളിലൊന്നാണത്. ബൾഗേറിയ, ഗ്രീസ് എന്നിവയുമായി അതിർത്തി പങ്കിടുന്ന മേഖലയിലാണ് കനത്ത മഞ്ഞുവീഴ്ച. പ്രദേശത്തെ ഷോപ്പിങ് മാളുകൾ നേരത്തേ അടച്ചിരുന്നു. ഭക്ഷണ വിതരണ സേവനങ്ങളും നിർത്തിവച്ചിരിക്കുകയാണ്. കിഴക്കൻ മെഡിറ്ററേനിയന്‍ മേഖലയിലുണ്ടായ അപൂർവമായ മഞ്ഞുവീഴ്ചയെത്തുടർന്ന് ഏഥൻസിലെ സ്കൂളുകളും വാക്സിനേഷൻ കേന്ദ്രങ്ങളും അടച്ചു.