ഒമിക്രോണിന്റെ മൂന്നുനാല് ഉപവകഭേദങ്ങൾകൂടി കണ്ടെത്തി; വരും ദിവസങ്ങളിൽ കൊറോണ കേസുകൾ ക്രമാതീതമായി ഉയരുമെന്ന് മുന്നറിയിപ്പ്

ന്യൂഡെൽഹി:കൊറോണ വകഭേദമായ ഒമിക്രോണിന്റെ മൂന്നുനാല് ഉപവകഭേദങ്ങൾകൂടി കണ്ടെത്തിയെന്നും വരും ദിവസങ്ങളിൽ കൊറോണ കേസുകൾ ക്രമാതീതമായി ഉയരുമെന്നും ദേശീയ സാങ്കേതികസമിതി (എൻ.ടി.എ.ജി.ഐ.) അധ്യക്ഷൻ ഡോ. എൻ.കെ. അറോറ. വകഭേദങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും രോഗത്തിന്റെ സ്വഭാവം, ലക്ഷണങ്ങൾ എന്നിവയിൽ മാറ്റമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ബി.എ.-1, ബി.എ.-2, ബി.എ.-3 എന്നിങ്ങനെ മൂന്ന് ഒമിക്രോൺ ഉപവകഭേദങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ബി.എ.-1 എന്ന ഉപവകഭേദം സ്ഥിരീകരിച്ചവരെല്ലാം വിദേശയാത്ര കഴിഞ്ഞെത്തിയവരാണ്. ഡെൽറ്റയെ തള്ളിക്കൊണ്ട് അതിവ്യാപനം നടത്തുകയാണ് ഈ വകഭേദം. ‘എസ്-ജീൻ’ ഇല്ലാത്ത ഇത് ആർ.ടി.പി.സി.ആർ. പരിശോധനയിലൂടെ കണ്ടെത്താം.

മഹാരാഷ്ട്രയിലും പശ്ചിമബംഗാളിലും കേസുകൾ ഉയരാനുള്ള പ്രധാന കാരണം ബി.എ.-2 എന്ന ‘സ്റ്റെൽത്ത് വകഭേദം’ ആണ്. കൊൽക്കത്തിൽ ജനിതകശ്രേണീകരണ പരിശോധനയ്ക്കായി അയക്കുന്ന കൊറോണ സാംപിളുകളിൽ 80 ശതമാനവും സ്റ്റെൽത്ത് വകഭേദമാണ്. ഇത് ആർ.ടി.പി.സി.ആർ. പരിശോധനയിൽ കണ്ടെത്താനാകില്ല. ജനിതകശ്രേണീകരണ പരിശോധനതന്നെ വേണം. ഇതുകണ്ടെത്തിയവരിൽ ഒരാൾപോലും വിദേശത്തുനിന്ന് എത്തിയതല്ല.

ബി.എ.-3 മഹാരാഷ്ട്ര, ഡൽഹി, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ ഏതാനും കേസുകളേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. വൈറസിന് വകഭേദമുണ്ടായിക്കൊണ്ടേയിരിക്കും. ഐ.ഐ.ടി.കളുടെ സർവേകൾ വ്യക്തമാക്കുന്നത് ഫെബ്രുവരിയിൽ രോഗബാധിതരുടെ എണ്ണം ഉച്ചിയിലെത്തുമെന്നാണ്. കൊറോണ മാനദണ്ഡങ്ങൾ പാലിക്കുക, വാക്സിനേഷൻ പൂർത്തിയാക്കുക, കർഫ്യൂ ഉൾപ്പെടെ ഏർപ്പെടുത്തി ആളകലം ഉറപ്പാക്കി രോഗവ്യാപനം തടയുക എന്നീ മാർഗങ്ങളിലൂടെമാത്രമേ രോഗികളുടെ എണ്ണം കുറയ്ക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.

ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടായേക്കുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, ആന്റിവൈറൽ മരുന്നായ മോൾനുപിരാവിറിനെ കൊറോണ ചികിത്സാ പ്രോട്ടോക്കോളിൽനിന്ന് ഒഴിവാക്കിയേക്കും. പാർശ്വഫലങ്ങൾ ഏറെയുള്ള മരുന്നിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അടിയന്തര ഉപയോഗാനുമതി നൽകിയതിന് രൂക്ഷവിമർശനമുയർന്ന പശ്ചാത്തലത്തിൽ തിങ്കളാഴ്ച ചേർന്ന ഐ.സി.എം.ആർ സമിതിയിലാണ് തീരുമാനം.